മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേർന്നു; കർണാടകത്തില്‍ ചടുല നീക്കങ്ങളുമായി ഡി.കെ

ബംഗളുരു : മുന്‍ എംഎല്‍എയും ജെഡിഎസ് നേതാവുമായ മധു ബംഗാരപ്പ കോണ്‍ഗ്രസില്‍ ചേര്‍ന്നു.  പുതിയ തുടക്കമാണിതെന്ന് ബംഗാരപ്പയെ സ്വാഗതം ചെയ്തുകൊണ്ട് കർണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. ഹുബ്ബള്ളിയില്‍ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ സംബന്ധിച്ച ചടങ്ങിലായിരുന്നു അംഗത്വമെടുക്കല്‍.

മധു ബംഗാരപ്പയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എസ്. ബംഗാരപ്പയുമായുള്ള ബന്ധം കർണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാർ അനുസ്മരിച്ചു. രാഷ്​​ട്രീയഗുരുവായ എസ് ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവർത്തിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഡി.കെ പറഞ്ഞു. ബംഗാരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുവാക്കൾക്കും കർഷകർക്കുമായി വിവിധ പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് സുർജേവാല പറഞ്ഞു. ശക്തമായ പ്രവർത്തനത്തിലൂടെ പാർട്ടി പതാക പുതിയ ഉയരങ്ങളിലേക്ക് ഉയർത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ സൊറാബയിൽത്തന്നെ സഹോദരന് എതിരാളിയായി വിധിതേടുന്നതിനാണ് മധു ബംഗാരപ്പ ലക്ഷ്യമിടുന്നത്. മധു ബംഗാരപ്പയുടെ സഹോദരന്‍ കുമാര്‍ ബംഗാരപ്പ സൊറാബ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്.  നേരത്തെ സൊറാബ് മണ്ഡലത്തില്‍ നിന്ന് ജയിച്ച വ്യക്തിയാണ് മധു ബംഗാരപ്പ. മധു ബംഗാരപ്പയുടെ വരവ് കോണ്‍ഗ്രസിന് കൂടതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. ഡികെ ശിവകുമാറിന്‍റെ നിര്‍ദേശ പ്രകാരം ചില കോണ്‍ഗ്രസ് നേതാക്കള്‍ മധു ബംഗാരപ്പയുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് കോണ്‍ഗ്രസ് ലക്ഷ്യം കണ്ടിരിക്കുന്നത്. മധു ബംഗാരപ്പയുടെ വരവോടെ എഡിഗ സമുദായത്തിന്‍റെ വോട്ടാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ഷിവമോഗ എന്നിവിടങ്ങളെല്ലാം എഡിഗ സമുദായത്തിന് വലിയ സ്വാധീനമുള്ള പ്രദേശങ്ങളാണ്.

ഹുബ്ബള്ളിയിലെ ജെഡിഎസ് നേതാക്കളായ കിരൺ ഹിരെമത്ത്, ബസവരാജ് മായകർ തുടങ്ങിയവരും കോൺഗ്രസിൽ ചേർന്നു. എഐസിസി നിരീക്ഷകൻ ഡി.കെ ഗോപാലകൃഷ്ണൻ, എച്ച്.കെ പാട്ടീൽ, ഈശ്വർ ഖൺഡ്രെ, സലിം അഹമ്മദ് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Comments (0)
Add Comment