കൊച്ചി: നിളയുടെ കഥാകാരനെന്ന് അറിയപ്പെടുന്ന മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ വിടപറഞ്ഞപ്പോള്‍, അന്ത്യാഞ്ജലികള്‍ക്കായി വ്യത്യസ്തമായ ഒരു ആശയം ജനിച്ചു. എം. ടി. യുടെ അവസാന ആഗ്രഹങ്ങള്‍ക്കൊപ്പം ഒത്തുനില്‍ക്കുന്ന രീതിയില്‍, അദ്ദേഹത്തെ അനുസ്മരിക്കാന്‍ വരുന്നവര്‍ റീത്തുകള്‍ കൊണ്ടുവരാതെ പകരം ഒരു പുസ്തകം കൊണ്ടുവരണമെന്ന് സംഘാടകര്‍ പരസ്യമായി ആഹ്വാനം ചെയ്യണമെന്ന് സുധീര്‍ അമ്പലപ്പാട് കുറിച്ചു.
‘എം. ടി. സര്‍ എല്ലായ്‌പ്പോഴും വായനയെ പ്രോത്സാഹിപ്പിക്കാനും അറിവിന്‍റെ പ്രാധാന്യം ഊന്നിക്കാട്ടാനും ആഗ്രഹിച്ചു. അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമായി, ഒരു പുസ്തകം സമര്‍പ്പിച്ച് പുതിയ തലമുറയെ വായനയിലേക്ക് പ്രേരിപ്പിക്കുകയാണു വേണ്ടത്, എം. ടി. യ്ക്ക് നല്‍കാവുന്ന ഏറ്റവും ഉചിതമായ ആദരം അതായിരിക്കു’മെന്ന് സുധീര്‍ പറഞ്ഞു.
എം. ടി. യുടെ ലളിതവും പ്രായോഗികവുമായ ചിന്തകള്‍ക്കനുസൃതമായി അനുസ്മരണ ചടങ്ങുകളില്‍ സമര്‍പ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍, ലൈബ്രറികള്‍ ഇല്ലാത്ത സ്‌കൂളുകളിലേക്കോ ക്ലബ്ബുകളിലേക്കോ നല്‍കാനുള്ള പദ്ധതിയാണ് അഭ്യര്‍ത്ഥനയ്ക്ക് പിന്നില്‍. അടുത്ത തലമുറയെ വായനയ്ക്ക് പ്രേരിപ്പിക്കുക, അതിനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കുക തുടങ്ങിയ അദ്ദേഹത്തിന്റെ ആഗ്രഹത്തിന് പുറമെ ഉരുത്തിരിഞ്ഞതാണ് ഈ ആശയമെന്ന് സുധീര്‍ പറഞ്ഞു.
‘അനുസ്മരണചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ അവരുടെ സ്വകാര്യ പുസ്തകശേഖരത്തില്‍ നിന്നോ പുതുതായി വാങ്ങിയതോ ആയ ഒരു പുസ്തകം കൊണ്ടുവരണം. അതിന്റെ ആദ്യ പേജില്‍ പേരും വിലാസവും ഒപ്പും രേഖപ്പെടുത്തണം. ഈ പുസ്തകങ്ങള്‍ വായനാസംസ്‌കാരം വളര്‍ത്തുന്ന നിലയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം, സുധീര്‍ കൂട്ടിച്ചേര്‍ത്തു.
എം. ടി. യുടെ ആഗ്രഹങ്ങള്‍ക്കനുസൃതമായി സ്മാരകങ്ങള്‍ നിര്‍മ്മിക്കാന്‍ സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ‘അക്ഷരങ്ങളുടെ പ്രോത്സാഹനം തന്നെയായിരിക്കും അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും മികച്ച ആദരം.’ എം. ടി. അനുസ്മരണചടങ്ങുകള്‍ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഈ സമയത്ത്, സാംസ്‌കാരിക സംഘടനകളും ക്ലബ്ബുകളും കോളേജുകളും ഈ സന്ദേശം പ്രചരിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.