മോദി കശ്മീര്‍ ജനതയുടെ ജീവിതം നരകതുല്യമാക്കിയ ഭരണാധികാരി ; കശ്മീരിനെ സ്വര്‍ഗമാക്കുമെന്ന പ്രഖ്യാപനം പരിഹാസ്യം : എം.എം ഹസന്‍


കശ്മീർ ജനതയുടെ ജീവിതം നരകതുല്യമാക്കിയതിനുശേഷം കശ്മീരിനെ സ്വര്‍ഗമാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പരിഹാസ്യമെന്ന്  മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍. അടിച്ചേല്‍പിച്ച അടിയന്തരാവസ്ഥയിലൂടെ കശ്മീര്‍ ജനതയ്ക്ക് നരകയാതനകള്‍ സമ്മാനിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ബി.ജെ.പി സർക്കാർ രാജ്യത്ത് ഫാസിസ്റ്റ് ഭരണം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ മുന്‍ കൗണ്‍സിലറും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ടി.വി അജിത്കുമാറിന്‍റെ എട്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉള്ളൂര്‍ എളങ്കാവ് ക്ഷേത്ര ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ജനങ്ങളുടെ മൗലികാവകാശവും പൗരാവകാശവും നിഷേധിക്കുകയും അവരുടെ സ്വാതന്ത്ര്യം തകര്‍ക്കുകയും ചെയ്ത ശേഷം കാശ്മീരില്‍ പുതിയ സ്വര്‍ഗം സൃഷ്ടിക്കുമെന്ന പ്രഖ്യാപനത്തിലൂടെ മികച്ച അഭിനേതാവിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് മോദി മാത്രമാണ് അര്‍ഹനെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചെന്നും എം.എം ഹസന്‍ പരിഹസിച്ചു.

കശ്മീരില്‍ ഇതുവരെ വാര്‍ത്താവിനിമയ ബന്ധം പുഃനസ്ഥാപിച്ചിട്ടില്ല. വിദ്യാലയങ്ങള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുന്നു. പള്ളികളില്‍ വെള്ളിയാഴ്ചകളില്‍ പോലും പ്രാര്‍ത്ഥനകള്‍ നടക്കുന്നില്ല. രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലിലാണ്.  ഗുലാംനബി ആസാദിനും ഫറൂഖ് അബ്ദുള്ളയുടെ മകള്‍ക്കും സ്വന്തം വീട്ടീലേക്ക് പോകാന്‍ സുപ്രീം കോടതി വിധി വേണ്ടി വന്നു. ശ്മശാന മൂകത തളം കെട്ടികിടക്കുന്ന കശ്മീര്‍ തെരുവുകളുടെ ചിത്രങ്ങളാണ് പുറം ലോകം അനുദിനം കാണുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിലൂടെ നരകമായി മാറിയ സ്ഥലത്ത് സ്വര്‍ഗം സൃഷ്ടിക്കാനുള്ള ഇന്ദ്രജാലവിദ്യ മോദിക്ക് മാത്രമേ അറിയൂവെന്നും ഹസന്‍ പരിഹസിച്ചു.

കാശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും അസമില്‍ പൗരത്വ രജിസ്റ്റര്‍ പുതുക്കിയതും അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷയെന്ന പ്രഖ്യാപനവും അടുത്തകാലത്ത് പാര്‍ലെമന്‍റ് പാസാക്കിയ കരിനിയമങ്ങളുമെല്ലാം വ്യക്തമാക്കുന്നത് രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ ഫാസിസ്റ്റ് ഭരണം സ്ഥാപിച്ചു എന്നതാണെന്നും എം.എം ഹസന്‍ ചൂണ്ടിക്കാട്ടി. ബ്ലോക്ക് പ്രസിഡന്‍റ് ഉള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍, മുന്‍ എം.എല്‍.എ എം.എ വാഹിദ്, ജോണ്‍സണ്‍ ജോസഫ്, എം.പി സാജു, ചെമ്പഴന്തി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.facebook.com/JaihindNewsChannel/videos/2521057057941398/

M.M Hassan
Comments (0)
Add Comment