പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തില്‍ ലോംഗ് മാർച്ച് നടത്തി

ഇന്ത്യയെ ഭിന്നിപ്പിക്കാൻ ആരെയും  അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. മോദി ഭരണം രാജ്യത്തിന്‍റെ  കറുത്ത അധ്യായമായി മാറിയെന്ന് കെ സുധാകരൻ എം.പി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അടൂർ പ്രകാശ് എം.പി നയിച്ച ലോംഗ് മാർച്ചിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ആറ്റിങ്ങൽ പാർലമെന്‍റ് മണ്ഡലത്തിന്‍റെ അതിർത്തിയായ കല്ലമ്പലത്ത് നിന്നും ആരംഭിച്ച ലോംഗ് മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ജാഥാ ക്യാപ്റ്റൻ അടൂർ പ്രകാശ് എം.പിക്ക് പതാക കൈമാറിയതോടെ ലോംഗ് മാർച്ചിന് തുടക്കമായി. ഗവർണർ ബി.ജെ.പിയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനം ദുരുപയോഗം ചെയ്യുന്നുവെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

മുസ്ലിം സമുദായത്തെ രക്ഷിക്കുമെന്ന് പറയുന്ന പിണറായിക്ക് എന്ത് ആത്മാർത്ഥതയാണുള്ളതെന്ന് കെ സുധാകരൻ എം.പി ചോദിച്ചു. ആർ.എസ്.എസ് പ്രത്യശാസ്ത്രം നടപ്പാക്കാനും രാജ്യത്തെ തകർന്നടിഞ്ഞ സാമ്പത്തിക സ്ഥിതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുമാണ്  പൗരത്വ ഭേദഗതി നിയമമെന്ന് എ.ഐ.സി.സി വക്താവ് ജയ്‌വീർ ഷെർഗില്‍ ആരോപിച്ചു. കണിയാപുരത്ത് നടന്ന സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  നേതാക്കൾ. എല്ലാ ജനവിഭാങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനാണ് പദയാത്രയിലൂടെ ലക്ഷ്യമിട്ടതെന്ന് അടൂർ പ്രകാശ് എം.പി വ്യക്തമാക്കി.

adoor prakash
Comments (0)
Add Comment