യു.ഡി.എഫ് സ്ഥാനാര്‍‌ത്ഥികള്‍ അണിനിരന്നപ്പോള്‍ മാർക്സിസ്റ്റ് പാർട്ടിക്ക് വിറളി പിടിച്ചു: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Sunday, March 24, 2019

ഈ തെരഞ്ഞെടുപ്പിൽ മത്സരം രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. പിണറായിയുടെ ഭരണം ക്രിമിനലുകൾക്ക് രാജകാലമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പറഞ്ഞു. കോട്ടയത്ത് നടന്ന യു.ഡി.എഫ് യുവജന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

യു.ഡി.എഫ് സ്ഥാനാർത്ഥികൾ അണിനിരന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി വിറളി പിടിച്ചെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പരിഹാസം. ജനാധിപത്യ പാത തെറ്റിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്താൻ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്. നരേന്ദേ മോദി തികഞ്ഞ ഏകാധിപതിയാണ്. പുതിയ തൊഴിലവസരങ്ങളില്ല എന്നതിനുപുറമേ, ഉള്ള തൊഴിൽ നഷ്ടമാകുന്ന സാഹചര്യമാണുള്ളതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.