‘പേപ്പട്ടി’ എന്ന് വിളിച്ചിട്ടില്ല, പങ്കെടുത്തത് മുഖ്യമന്ത്രിയുടെ ഇഫ്താറില്‍: വാര്‍ത്താക്കുറിപ്പിറക്കി ലോകായുക്ത; അസാധാരണ നടപടി

Jaihind Webdesk
Monday, April 17, 2023

തിരുവനന്തപുരം: വിവാദങ്ങളിൽ വിശദീകരണവുമായി ലോകായുക്തയുടെ അസാധാരണമായ വാർത്താക്കുറിപ്പ്. പരാതിക്കാരനെതിരെയുളള പേപ്പട്ടി പരാമർശത്തിൽ ഒഴിഞ്ഞു മാറിയും മുഖ്യമന്ത്രിയുടെ ഇഫ്താറിൽ പങ്കെടുത്തതിനെ ന്യായീകരിച്ചുമാണ് ലോകായുക്ത അസാധാരണമായി വാർത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ തങ്ങളുടെ നിലപാടുകൾക്കും പരാമർശങ്ങൾക്കും എതിരെ ഉയർന്ന ആരോപണങ്ങൾക്കൊക്കെ ന്യായീകരണവുമായിട്ടാണ് ലോകായുക്ത വാർത്താക്കുറിപ്പ് ഇറക്കിയിക്കുന്നത്. പരാതിക്കാരനെ ആക്ഷേപിച്ചതില്‍ ലോകായുക്ത മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച ലോകായുക്ത, ക്ഷണം ലഭിച്ചതുകൊണ്ടാണ് വിരുന്നിൽ പങ്കെടുത്തതെന്ന് വ്യക്തമാക്കി. തങ്ങൾ പങ്കെടുത്തത് പിണറായി വിജയന്‍റെ സ്വകാര്യ ഇഫ്താറിൽ അല്ലെന്നും കേരള മുഖ്യമന്ത്രി ആതിഥ്യം നൽകിയ ഔദ്യോഗിക ഇഫ്താർ വിരുന്നിലാണെന്നും ലോകായുക്ത വിശദീകരിച്ചു. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യ സംഭാഷണം നടത്തിയിട്ടില്ലെന്നും വിരുന്ന് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമല്ലെന്നും ലോകായുക്ത വിശദീകരിക്കുന്നു.

രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവരുടെ ഔദ്യോഗിക വിരുന്നിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ പങ്കെടുക്കുക സ്വാഭാവികമാണ്. ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കുന്ന ജഡ്ജിമാർ സർക്കാരിന് അനുകൂലമായി വിധിയെഴുതുമെന്ന ചിന്ത അധമമാണെന്നും ലോകായുക്ത കുറ്റപ്പെടുത്തുന്നു. ആർ.എസ് ശശികുമാറിനെതിരെ നടത്തിയ പേപ്പട്ടി പരാമർശത്തിലും ലോകായുക്ത ന്യായീകരണം നടത്തി ഒഴിഞ്ഞുമാറി. ശശികുമാറിനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല. ചില ഉദാഹരണങ്ങൾ പറഞ്ഞത് മാത്രമാണ്. പരാതിക്കാരന്‍റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്ന് അദ്ദേഹത്തിന്‍റെ ശിരസിൽ ആ തൊപ്പി അണിയിച്ചതാണെന്നും ലോകായുക്ത വിശദീകരിക്കുന്നു. അതേസമയം ലോകായുക്തയുടെ നടപടി വേദനാജനകമാണെന്ന് ഹർജിക്കാരനായ ആർ.എസ് ശശികുമാർ പ്രതികരിച്ചു. ന്യായാധിപന്മാർ വിധിന്യായങ്ങളിലൂടെയാണ് സംവദിക്കേണ്ടതെന്നും വാർത്താക്കുറിപ്പിലൂടെ അല്ലെന്നും ആർ.എസ് ശശികുമാർ പറഞ്ഞു.

നേരത്തെയുള്ള മൂന്നംഗ ബെഞ്ചിന്‍റെ അഭിപ്രായം പരാതി പരിശോധിക്കുന്ന രണ്ടംഗ ബെഞ്ച് അംഗീകരിക്കണമെന്ന വാദം ശരിയല്ലെന്നും കക്ഷികളുടെ ആഗ്രഹവും താൽപര്യവും അനുസരിച്ച് ഉത്തരവിടാൻ ലോകായുക്തയെ കിട്ടില്ലെന്ന വിശദീകരണവും വാർത്താ കുറിപ്പിലുണ്ട്. ഇത്തരത്തിൽ തങ്ങളുടെ നിലപാടുകൾക്കും പരാമർശങ്ങൾക്കും എതിരെ ഉയർന്ന ആരോപണങ്ങൾക്കൊക്കെ ന്യായീകരണവുമായിട്ടാണ് ലോകായുക്ത അസാധാരണ വാർത്താക്കുറിപ്പ് ഇറക്കിയിക്കുന്നത്. ജുഡീഷ്യറിയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവമാണ് ന്യായാധിപന്മാർ ഇത്തരത്തിൽ വാർത്താക്കുറിപ്പ് ഇറക്കുന്നത്. എന്തായാലും ലോകായുക്തയുടെ നിലപാടുകൾ അനുദിനം വിവാദങ്ങളും ദുരൂഹതകളും കൂട്ടുകയാണ്.