പ്രതിപക്ഷ പ്രതിഷേധത്തിനിടെ ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

Jaihind News Bureau
Tuesday, December 10, 2019


പ്രതിപക്ഷ പ്രതിഷേധത്തിനിടെ ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ശക്തമായ പ്രതിഷേധമാണ് ബില്ലിന് എതിരെ ഉണ്ടായത്. അയൽ രാജ്യങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്ന ബിൽ ജനാധിപത്യ മൂല്യങ്ങൾക്ക് എതിരാണെന്നാണ് കോണ്ഗ്രസ് വിമർശിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് പ്രതിപക്ഷ എം പി മാർ ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല.

ലോക്‌സഭയിലെ മൃഗീയ ഭൂരിപക്ഷം രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്ന കാഴ്ചയാണ് ഇന്നലെ ലോക്‌സഭയിൽ കണ്ടത്. അതിർത്തി രാജ്യങ്ങളിൽ നിന്നും അഭയാർഥികളായെത്തി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നവർക്ക് മതത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വം നൽകാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ദേശീയ പൗരത്വ ഭേദഗതി ബിൽ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്കാണ് പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നത്. മുസ്ലിം വിഭാഗങ്ങൾക്ക് പൗരത്വം നൽകുകയും ഇല്ല. ബിൽ ഭരണഘടന വിരുദ്ധവും രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയുന്നതാണെന്നും കോണ്ഗ്രസ് ആരോപിച്ചു.

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്ന് പ്രതിപക്ഷ എം പി മാർ ആവശ്യപ്പെട്ടെങ്കിലും അതും അംഗീകരിക്കപ്പെട്ടില്ല. 80 ന് എതിരെ 311 വോട്ടുകൾക്കാണ് ബിൽ ലോക്‌സഭ പാസാക്കിയത്. കോണ്ഗ്രസിന് പുറമെ മുസ്ലിം ലീഗ്, ഡി എം കെ , എൻ സി പി, റ്റി എം സി, ആർ ജെ ഡി, ഇടത് പാർട്ടികളും ബില്ലിനെ എതിർത്തു. ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. പക്ഷെ ലോസഭയിലെ പോലെ കാര്യങ്ങൾ അത്ര എളുപ്പം ആകില്ല ബിജെപിക്ക് രാജ്യസഭയിൽ.