തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബിജെപിക്കുള്ളില്‍ അമർഷം പുകയുന്നു ; പ്രതിഷേധവുമായി ഒരു വിഭാഗം

 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനുപിന്നാലെ സംസ്ഥാന ബിജെപിയിൽ അമർഷം പുകയുന്നു.  ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗമാണ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഫലം കിട്ടാത്തതിലെ നിരാശയും അതൃപ്തിയും പാർട്ടിക്കുള്ളില്‍ പുകയുന്നതിനിടെയാണ് സംസ്ഥാന ഘടകത്തിലെ കടുത്ത ഭിന്നത മറ നീക്കി പുറത്തുവരുന്നത്.

തെരഞ്ഞെടുപ്പിൽ മൂവായിരം വാർഡുകളിലെങ്കിലും ആധിപത്യം ഉറപ്പിക്കാം എന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ കണക്കുകൂട്ടലിന്‍റെ പകുതിയിലേക്ക് ഒതുങ്ങുകയായിരുന്നു പാർട്ടി. പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനാകാത്തതിനൊപ്പം സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, പാർട്ടി വക്താവ് ബി. ഗോപാലകൃഷ്ണൻ എന്നിവരുടെ പരാജയവും  കനത്ത പ്രഹരമായി. ഏറെ നാളുകളായി പാർട്ടിക്കുള്ളിൽ പുകയുന്ന വിഭാഗീയത തദ്ദേശ തെരെഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതും നേതൃത്വത്തിന്‍റെ ഏകപക്ഷീയ തീരുമാനങ്ങളും പ്രവർത്തകരിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്‍റെ കെ.സുരേന്ദ്രൻ കൂടിയാലോചനകൾ നടത്താതെ തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. മുൻ സംസ്ഥാന പ്രസിഡന്‍റും മുരളീധരവിരുദ്ധ പക്ഷക്കാരനുമായ പി കെ കൃഷ്‌ണദാസും സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങളിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ശോഭ സുരേന്ദ്രനടക്കമുള്ള പല മുതിർന്ന നേതാക്കളെയും നേതൃത്വം അകറ്റിനിർത്തുന്നുവെന്ന പരാതിയും പാർട്ടിയിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലെ അഭ്യന്തര കലഹം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

Comments (0)
Add Comment