ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണം ; കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി

Jaihind News Bureau
Thursday, April 10, 2025

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് ഹൈക്കോടതി. ജീവനോപാധിയും, ഉറ്റവരും ഉടയവരും എന്നന്നേക്കുമായി നഷ്ടമായവരാണ് ദുരന്തബാധിതരെന്നും ഇവരുടെ അവസ്ഥയെ കോവിഡ് കാലവുമായി താരതമ്യം ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഗണിച്ചത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് നേരത്തെതന്നെ ഉന്നയിക്കപ്പെട്ടിരുന്നതാണ്. ഇത് എഴുതിത്തള്ളണമെന്ന് തന്നെയാണ് ഹൈക്കോടതിയുടെ നിലപാടും വ്യക്തമാക്കുന്നത്.

ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മൊറട്ടോറിയമാണ് പ്രഖ്യാപിച്ചിട്ടുണ്ട്. കടം എഴുതിത്തള്ളണമെങ്കില്‍ കേന്ദ്രസര്‍ക്കാരാണ് നിലപാടെടുക്കേണ്ടത്. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍, ബാങ്കുകളെ ഇതിന് വേണ്ടി നിര്‍ബന്ധിക്കാനാകില്ലെന്നും അത് അവര്‍ കൈക്കൊള്ളേണ്ട നയപരമായ തീരുമാനമാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി. കേന്ദ്രനിലപാടിനെതിരെ തിരിഞ്ഞിരിക്കുകയാണ് കേരളം.