രാജ്യസഭാ സീറ്റിന്‍റെ പേരില്‍ എല്‍ഡിഎഫില്‍ പ്രതിഷേധം : സിപിഐക്കെതിരെ എല്‍ജെഡി

Jaihind Webdesk
Thursday, March 17, 2022

കോഴിക്കോട് : രാജ്യസഭാ സീറ്റ് ലഭിക്കാത്തതില്‍ എല്‍ഡിഎഫിനുള്ളില്‍ പ്രതിഷേധവുമായി എല്‍ജെഡി. സിപിഐക്കെതിരെയാണ് എല്‍ജെഡി യുടെ പരാതി. സിപിഐ അനര്‍ഹമായ സ്ഥാനമാനങ്ങള്‍ കൈക്കലാക്കുന്നുവെന്നാണ് പരാതി. അതൃപ്തി മുന്നണിയെ അറിയിക്കാന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായി ഓണ്‍ലൈനില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

എല്‍ജെഡിയെ മുന്നണിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതുവിലയിരുത്തല്‍. ഐഎന്‍എല്ലിന് പോലും മന്ത്രിസ്ഥാനം നല്‍കിയപ്പോള്‍ എല്‍ജെഡിയെ അവഗണിച്ചു. ഇപ്പോഴിതാ രാജ്യസഭാ സീറ്റ് നിഷേധിച്ചതും കാര്യമായ ചര്‍ച്ചകള്‍ പോലുമില്ലാതെയാണ്. മുന്നണിയുടെ ഭാഗമായി ലഭിച്ച പദവികളെല്ലാം രാജിവച്ച് പ്രതിഷേധം അറിയിക്കണമെന്ന് വരെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നെങ്കിലും അത്രയ്ക്ക് പോകേണ്ടതില്ലെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. പകരം അതൃപ്തി അടുത്ത മുന്നണിയോഗത്തില്‍ അറിയിക്കും.

രാജ്യസഭാ സീറ്റ് നിഷേധിച്ചതിന്റെ കാരണം ചോദിക്കും. മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കാതിരുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ മുറുമുറുപ്പും മുന്നണിയെ ബോധ്യപ്പെടുത്തും. സിപിഐ അനര്‍ഹമായ സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മോശം പ്രകടനമാണ് അവരുടേത്. എന്നിട്ടും അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിഗണന നല്‍കുകയാണ്.

സില്‍വര്‍ലൈനില്‍ ആദ്യം പ്രതിഷേധം ഉയര്‍ത്തുകയും പിന്നീട് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിന് പിന്നില്‍ ഇത്തരം ചില ലക്ഷ്യങ്ങളാണോയെന്ന് സംശയിക്കുന്നു. മുന്നണി ശക്തിപ്പെടാനായി അഹോരാത്രം യത്‌നിച്ച എല്‍ജെഡിക്ക് തുടര്‍ച്ചയായ അവഗണന നേരിടുന്നതില്‍ പ്രവര്‍ത്തകര്‍ക്കും ആശയകുഴപ്പമുണ്ട്. ഇതുസംബന്ധിച്ച് ചെറു വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാനും  എല്‍ജെഡി തീരുമാനിച്ചു.