വരുമാനം കുറഞ്ഞു ; ബെവ്ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവ്

Jaihind News Bureau
Saturday, January 16, 2021

 

തിരുവനന്തപുരം : ബിവറേജസ് ഔട്ട് ലെറ്റുകള്‍ വഴിയുള്ള മദ്യം വാങ്ങാന്‍ ഇനി മുതല്‍ ബെവ്ക്യു ആപ്പ് ആവശ്യമില്ല. ആപ്പ് ഒഴിവാക്കിക്കൊണ്ട് സര്‍ക്കാർ ഉത്തരവിറക്കി. ബവ്കോ എം.ഡിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പഴയ സംവിധാനത്തിലേക്ക് പോകണമെന്നും, ശാരീരിക അകലം പാലിച്ച് വിൽപന നടത്താൻ സൗകര്യമൊരുക്കണമെന്നുമാണ് എം.ഡി കത്തിൽ ആവശ്യപ്പെട്ടത്.

ആപ്പ് വന്നതോടെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന പകുതിയായി കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബെവ്കോ എം.ഡി കത്ത് നല്‍കിയത്. ആപ്പ് ഏർപ്പെടുത്തുന്നതിന് മുമ്പ് ബെവ്കോയുടെ 265 ഔട്ട്ലറ്റുകളിലൂടെ ദിവസം ശരാശരി 22 കോടിരൂപ മുതൽ 32 കോടിരൂപവരെയുള്ള കച്ചവടമാണ് നടന്നിരുന്നത്. ടോക്കൺ സംവിധാനം ഏർപ്പെടുത്തിയതോടെ ഇത് പകുതിയായി കുറഞ്ഞു.

പ്രീമിയം കൗണ്ടറിലൂടെ 800ഉം സാധാരണ കൗണ്ടറിലൂടെ 600‌ഉം ടോക്കണാണ് ബെവ്ക്യു ആപ്പിലൂടെ നൽകിയിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മെയ് 28 മുതലാണ് ബിവറേജസ് ഔട്ട് ലെറ്റുകള്‍ വഴിയുള്ള മദ്യവിതരണത്തിന് ആപ്പ് ഏർപ്പെടുത്തിയത്.