ലൈഫ് മിഷൻ നിർണായക യോഗത്തിന്‍റെ മിനിട്സ് കാണാനില്ല ; രേഖ ലഭ്യമല്ലെന്ന് മറുപടി

 

തൃശൂർ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിർണായക ലൈഫ് മിഷൻ യോഗത്തിന്‍റെ മിനിട്സ് കാണാനില്ല. അനിൽ അക്കര എംഎൽഎക്ക് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിലാണ് ഈ രേഖ ലഭ്യമല്ലെന്ന് ലൈഫ് മിഷൻ വ്യക്തമാക്കുന്നത്. നിർമാണ ഏജൻസിയായി യൂണിടാക്കിനെ തെരഞ്ഞെടുത്ത് റെഡ് ക്രസന്‍റ് സർക്കാരിനെ അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദവും പൊളിയുകയാണ്.

2019 ജൂലൈ 11 ന് ചേർന്ന യോഗത്തിന്‍റെ  മിനിട്ട്സാണ് അപ്രത്യക്ഷമായത്. യുഎഇ അധികാരികൾ റെഡ് ക്രസന്‍റ് പ്രതിനിധികൾ മുഖ്യമന്ത്രി, തദ്ദേശവകുപ്പ് മന്ത്രി തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. വടക്കാഞ്ചേരിയിലെ ഭവന സമുച്ചയത്തോട് അനുബന്ധിച്ചുള്ള ആശുപത്രി നിർമാണത്തെ കുറിച്ചും ലൈഫ് മിഷൻ അറിഞ്ഞ മട്ടില്ല. ഈ ഹെൽത്ത് സെന്‍ററിന്‍റെ നിർമാണ ചുമതല ആർക്കാണ്? സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ അനുമതിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്ക് വിവരം ലഭ്യമല്ല എന്ന മറുപടിയാണ് ലൈഫ് മിഷനിൽ നിന്ന് ലഭിച്ചത്. യൂണിടാക്കിനെ തെരഞ്ഞെടുത്ത് സർക്കാറിനെ അറിയിച്ചത് റെഡ് ക്രസന്‍റ് എന്ന മുഖ്യമന്ത്രിയുടെ വാദവും വിവരാവകാശ രേഖയിലൂടെ പൊളിയുകയാണ്.

ഈ വിവരം റെഡ് ക്രസന്‍റ് ലൈഫ് മിഷനെ അറിയിച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ഭവന സമുച്ചയ നിർമാണത്തിനുള്ള കൺസൾട്ടൻസിയായി ഹാബിറ്റാറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ നിർമാണം റെഡ് ക്രസന്‍റ് നേരിട്ടാണ് നടത്തുന്ന്. അതിനാൽ ലൈഫ് മിഷൻ സാങ്കേതിക അനുമതി നൽകിയിട്ടില്ല എന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Comments (0)
Add Comment