
രാജ്യത്തെ 64 കോടിയോളം വരുന്ന തൊഴിലാളികളുടെ ജീവിതം നരക തുല്യമാണെന്ന് യുഡിഎഫ് അനുകൂല ട്രേഡ് യൂണിയന്‍ സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.എഫ്.റ്റി. ജൂലൈ 9 നു നടക്കുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ജനങ്ങള്‍ പൂര്‍ണ മനസോടെ സഹകരിക്കണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റും യുഡിഎഫ്റ്റി ചെയര്‍മാനുമായ ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റു തുലയ്ക്കുകയാണ്. 4 ലേബര്‍ കോഡുകള്‍ റദ്ദ് ചെയ്യുക, 27,900 രൂപ ദേശീയ മിനിമം വേതനമായി പ്രഖ്യാപിക്കുക, ആശാ, അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും പാലിയേറ്റിവ് കെയര്‍, സാക്ഷരതാ പ്രേരക എന്നിവര്‍ക്കും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും പ്രഖ്യാപിക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, കോര്‍പ്പറേറ്റ് നികുതി വര്‍ധിപ്പിക്കുകയും, അതി സമ്പന്നര്‍ക്ക് കൂടുതല്‍ വരുമാന നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങി പതിനേഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.