ലൈഫ് മിഷന്‍: എസ്.സി, എസ്.ടി വിഭാഗത്തിനായി വകയിരുത്തിയ തുകയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ പിണറായി സർക്കാർ; രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Sunday, August 23, 2020

 

തിരുവനന്തപുരം: ലൈഫ് മിഷനിൽ എസ്.സി, എസ്. ടി വിഭാഗത്തിനായി വകയിരുത്തിയ തുകയില്‍ ഒരു രൂപ പോലും ഇടത് സർക്കാർ ചെലവഴിച്ചില്ല. 400 ഭവനങ്ങൾ നിർമ്മിക്കുന്നതിനായി 2019- 2020 ൽ 102 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ പ്ലാംനിംഗ് ബോർഡിലെ പ്ലാൻ സ്പേസിൽ ഈ തുക ചെലവാക്കിയില്ലെന്ന് തെളിയിക്കുന്ന രേഖകൾ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ലൈഫ് മിഷൻ പദ്ധതിയിൽ  പ്രതികൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത് വരുന്നത്. ലൈഫ് മിഷൻ വഴി എസ്.സി- എസ്. ടിക്ക് 2019 -20 കാലഘട്ടത്തിൽ വകയിരുത്തിയത് 102 കോടി രൂപയാണ്. എന്നാൽ 31-03-2020 ലെ പ്ലാംനിംഗ് ബോർഡിലെ പ്ലാൻ സ്പേസിൽ ഈ തുക ചെലവാക്കിയില്ലന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

എസ്.സി, എസ്. ടി വിഭാഗത്തിനായി 400 വീടുകൾ നിർമ്മിച്ച് നൽകാനായാണ് 102 കോടി രൂപ ലൈഫ് മിഷൻ വകയിരുത്തിയത്. എന്നാൽ പ്ലാംനിംഗ് ബോർഡിന്‍റെ സാമ്പത്തിക വർഷാവസാന കണക്കുകൾ പ്രകാരം ഒരു രൂപ പോലും ഇതിൽ നിന്ന് ചെലവഴിച്ചിട്ടില്ല. ഒരു വീട് പോലും പണിത് നൽകാനും സർക്കാരിന് സാധിച്ചില്ല. ഭവനരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന് പറയുകയും കോടികൾ മുടക്കി കൊട്ടിയാഘോഷിച്ച് നടത്തിയ ഉദ്ഘാടന മാമാങ്കവും  വാക്കുകളിലും കടലാസുകളിലും ഒതുങ്ങി എന്നതാണ് വസ്തുത.

അർഹരായ നിരവധി പേർക്ക് ആശ്വാസമാകുമെന്ന് കരുതിയ പദ്ധതിയിലും ഇടത് സർക്കാർ വെള്ളം ചേർത്തുവെന്ന വാർത്ത പുറം ലോകം ഞെട്ടലോടെയാണ് കേട്ടത്. പിന്നീട് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നാ സുരേഷ് ഈ ഇനത്തിൽ കോടികൾ കമ്മീഷൻ കൈപ്പറ്റിയെന്ന തെളിവുകളും പുറത്ത് വന്നിരുന്നു. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് സർക്കാരിനെതിരായ ഓരോ ആരോപണങ്ങളും ശരിയാണെന്ന് തെളിയിക്കുന്ന തെളിവുകൾ പുറത്ത് വരുന്നത്.