കൊച്ചി : ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് പദ്ധതി സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നൽകിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കാനാണ് സി.ബി.ഐയുടെ തീരുമാനം. ലൈഫ് മിഷനില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് പദ്ധതി സി.ഇ.ഒ, യു.വിജോസിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യാൻ സി.ബി.ഐ തയാറെടുക്കുന്നത്.
കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറാണ് കൊച്ചി സി.ബി.ഐ ഓഫീസിൽ യു.വി ജോസിനെ ചോദ്യം ചെയ്തത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളുടെ വിശദാംശങ്ങളാണ് ഇദേഹത്തിൽ നിന്നും ചോദിച്ചറിഞ്ഞത്. നേരത്തെ തൃശൂര്‍ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെയും യുണിടാക് എം.ഡി സന്തോഷ് ഈപ്പൻ അടക്കമുള്ളവരെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇവർ പദ്ധതിയെക്കുറിച്ച് നൽകിയിരിക്കുന്ന മൊഴികളും രേഖകളും വിശദമായി പരിശോധിച്ചതിന് ശേഷമാകും കൂടുതല്‍ ചോദ്യം ചെയ്യല്‍. അതേ സമയം സി.ബി.ഐ ആവശ്യപ്പെട്ട ചില രേഖകളുടെ പകർപ്പുകൾ മാത്രമാണ് യു.വി ജോസ് ഇന്നലെ കൈമാറിയത്. എന്നാൽ യഥാർത്ഥ രേഖകൾ നൽകണമെന്ന് സി.ബി.ഐ കോടതിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.
ഫ്ലാറ്റ് നിർമ്മാണത്തിന് റെഡ് ക്രസന്‍റുമായി കരാര്‍ ഒപ്പിട്ട ലൈഫ് മിഷന്‍ യുണിടാക്കിന് ഉപകരാര്‍ നൽകിയത് യു.വി ജോസ് അടക്കമുള്ളവർ അറിഞ്ഞിട്ടുണ്ടോ എന്ന് സി.ബി.ഐ പരിശോധിക്കുന്നുണ്ട്. കൂടാതെ പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുടെ അറിവോടെയാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അടക്കം കമ്മീഷന്‍ ലഭിച്ചിരുന്നോ എന്ന സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതും സി.ബി.ഐയുടെ അന്വേഷണ പരിധിയിൽ ഉണ്ട്.
കൂടാതെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണ കരാർ സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിന് നൽകാതെ യൂണിടാക്കിന് നൽകിയതും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന് ശേഷം മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.