IL&FSന് LICയുടെ കോടികൾ :മോദിക്കെതിരെ സാമ്പത്തിക ആരോപണവുമായി രാഹുൽ ഗാന്ധി

Jaihind Webdesk
Monday, October 1, 2018

ന്യൂഡൽഹി: റഫേൽ ഇടപാടിലെ കോടികളുടെ കോഴയാരോപണത്തിന് പിന്നാലെ ഐ.എൽ ആൻറ് എഫ്.എസ് (ഇൻഫ്രാ സ്ട്രെക്ച്ചർ ലീസിങ് ആൻറ് ഫിനാൻസിഷ്യൽ സർവീസസ് ലിമിറ്റഡ്) എന്ന അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് എൽ.ഐ.സിയിൽ നിന്നും കോടികൾ മറിച്ച് നൽകിയെന്ന് ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിവിധ പദ്ധതികൾ നടപ്പാക്കാനെന്ന പേരിൽ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ നിന്നും 70,000 കോടി രൂപ ഐ.എൽ എഫ്.എസിന് നൽകി. എന്നൽ ഒരു പദ്ധതി പോലും എങ്ങും നടപ്പായില്ല.

പിന്നീട് പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ശേഷം കമ്പനിയെ തകർച്ചയിൽ നിന്ന് കരകയറ്റാനായി വീണ്ടും 91,000 കോടി രൂപ മോദി അനധികൃതമായി അനുവദിച്ചെന്നുമാണ് രാഹുലിന്റെ ആരോപണം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംശയത്തിന്റെ നിഴലിലാക്കുന്ന കാര്യങ്ങളാണ് ഐ.എൽ.എഫ്.എസിൽ നടക്കുന്നതെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കമ്പനിക്ക് വൻതുക വഴിവിട്ട് അനുവദിച്ചിട്ടുള്ളത്. ഓരോ രൂപയും എൽ.ഐ.സിയെ വിശ്വസിച്ചാണ് ജനങ്ങൾ നിക്ഷേപിക്കുന്നത്.

എന്നാൽ ഈ പണം ഒരു തട്ടിപ്പ് സ്ഥാപനത്തിന് കൈമാറുകയാണ് മോദി ചെയ്തിരിക്കുന്നത്. തന്റെ ഇഷ്ടക്കാരായ സ്ഥാപനത്തി നുണ്ടാകുന്ന നഷ്ടം നികത്താൻ പ്രധാനമന്ത്രി മോദി ഐ.എൽ.ഐസിയെ കൂടി പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ പണം പിൻവലിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഐ.എൽ &എഫ്.എസ് എന്നാൽ മോദിയുടെ ഭാഷയിൽ ‘ഐ ലവ് ഫിനാൻഷ്യൽ സ്‌കീംസ്’ എന്നാണെന്നും രാഹുൽ പറഞ്ഞു.  സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബാധ്യത തീർക്കാനാണ് മോദി ഇത്തരത്തിൽ കോടികൾ മറിച്ചു നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്.

വിജയ് മല്യയടക്കമുള്ള വൻവ്യവസായികൾ കോടികളുടെ ലോണെടുത്ത് രാജ്യം വിട്ടത് മോദിയുടെയും ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയുടെയും അറിവോടെയാണെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് അടുത്ത സാമ്പത്തിക ക്രയവിക്രയത്തിന്റെ വസ്തുതകൾ പുറത്തുവരുന്നത്. വിജയ് മല്യ, നീരവ് മോദി, ലളിത് മോദി എന്നിവർക്ക് പുറമേ 5000 കോടിയുടെ തട്ടിപ്പ് നടത്തിയ ഗുജറാത്ത് വ്യവസായി നിതിൻ സന്ദേശാരയും രാജ്യം വിട്ടവരിൽപെടും. രാജ്യത്തിന് പുറത്തുള്ള കള്ളപണ നിക്ഷേപം തിരിച്ചെത്തിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയ നരേന്ദ്രമോദിയുടെ കാലത്താണ് ബാങ്കിംഗ് രംഗത്ത് വൻകിട തട്ടിപ്പുകൾ അരങ്ങേറിയത്.

കൃത്യമായ ആലോചനയില്ലാതെ നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും(ചരക്ക് സേവന നികുതി) സാമ്പത്തിക രംഗത്തിന്റെ നട്ടെല്ല് തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ വിവരങ്ങൾ ഓരോ ദിവസവും പുറത്തു വരുന്നത്. പല ബാങ്കുകളുടെയും കിട്ടാക്കടം വർധിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയിൽ നിന്നും പ്രധാനമന്ത്രി തന്നെ ഇടപെട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് കോടികൾ വഴിവിട്ട് നൽകിയതെന്ന ആരോപണം പുറത്തു വരുന്നത്.