നിയമസഭാ കയ്യാങ്കളി കേസ്; എല്‍ഡിഎഫിന്റെ കള്ളത്തരങ്ങള്‍ക്ക് തിരിച്ചടി; കോണ്‍ഗ്രസ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Jaihind Webdesk
Friday, September 13, 2024

എറണാകുളം: നിയമസഭയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുത്തതിനെതിരെ മുന്‍ എംഎല്‍എമാരായ എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷന്‍, കെ.ശിവദാസന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

2015 മാര്‍ച്ച് 13ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ആയിരുന്നു സംഭവം. അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം.മാണി ബാര്‍ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് ബജറ്റ് അവതരണം തടയാന്‍ പ്രതിപക്ഷം നടത്തിയ ശ്രമം വലിയ കയ്യാങ്കളിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇടത് എംഎല്‍എമാര്‍ മാത്രം പ്രതികളായ കേസില്‍ 2023 ലാണ് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. വനിതാ നേതാക്കളായ കെ.കെ.ലതിക, ജമീല പ്രകാശം തുടങ്ങിയവരെ കയ്യേറ്റം ചെയ്തു, തടഞ്ഞുവച്ചു എന്നായിരുന്നു കേസ്. ഇതിനെതിരെയാണ് കോണ്‍ഗ്രസ് മുന്‍ എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അനുവദിച്ച് കൊണ്ട് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസ് റദ്ദാക്കികൊണ്ട് ഉത്തരവിടുകയായിരുന്നു.