ഇതിഹാസ ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചു

 

മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ന്യുമോണിയ ബാധയ്ക്ക് പിന്നാലെയുണ്ടായ ശ്വാസതടസത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തനതായ അഭിനയശൈലിയിലൂടെ ചലച്ചിത്ര ആസ്വാദകരുടെ മനസില്‍ ഇടംപിടിച്ച നടനായിരുന്നു ദിലീപ് കുമാര്‍. ഇന്ത്യൻ സിനിമയിലെ മറ്റ് അഭിനേതാക്കൾക്ക് പ്രചോദനമായിരുന്നു അദ്ദേഹത്തിന്‍റെ അഭിനയപാഠവം. ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ദിലീപ് കുമാര്‍ അഞ്ച് പതിറ്റാണ്ടുകളിലേറെ ഇന്ത്യന്‍ സിനിമയിലെ  സജീവ സാന്നിധ്യമായിരുന്നു. ഇന്നത്തെ പാകിസ്ഥാനിലെ പെഷവാറിലെ കിസ്സ ഖവാനി ബസാർ പ്രദേശത്താണ് ആയിഷ ബീഗം- ലാല ഗുലാം സർവാർ ഖാൻ എന്നിവരുടെ മകനായി ദിലീപ് കുമാർ ജനിച്ചത്. സൈറ ബാനുവാണ് ഭാര്യ.

ദേവദാസ്, മുഗൾ-ഇ-ആസാം, ഗുംഗാ ജമുന, രാം ഓർ ശ്യാം, നയാ ദൌർ, മധുമതി, ക്രാന്തി, വിധാതാ, ശക്തി, മഷാൽ തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഏതാനും ചിത്രങ്ങളാണ്. 1944 ല്‍ പുറത്തിറങ്ങിയ ജ്വാർ ഭട്ട ആണ് ആദ്യ സിനിമ. 1949 ല്‍ റിലീസ് ചെയ്ത അംദാസിലൂടെയാണ് ദിലീപ് കുമാര്‍ താരപരിവേഷത്തിലക്ക് ഉയര്‍ത്തപ്പെട്ടത്. 1998 ല്‍ പുറത്തിറങ്ങിയ ഖില ആണ് അവസാന ചിത്രം.

1994 ൽ ദാദാസാഹേബ് ഫാൽക്കെ അവാർഡും 2015 ൽ പത്മവിഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പരമാവധി അവാർഡുകൾ നേടിയ ഇന്ത്യന്‍ അഭിനേതാവ് എന്ന നിലയില്‍  ഗിന്നസ് റെക്കോർഡിലും ദിലീപ് കുമാര്‍ ഇടംപിടിച്ചു.  ഇന്ത്യയിലെ ആദ്യത്തെ ‘ശൈലീ നടന്‍’ (മെതേഡ് ആക്ടര്‍) എന്ന ബഹുമതിയും  ബോളിവുഡിന്‍റെ അനശ്വര നടന് സ്വന്തം.

Comments (0)
Add Comment