ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന് മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തല്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കെപിസിസിയില്‍ നല്കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
മാണിസാര്‍ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടിയില്‍ ആയിരം പോലീസുകാരുടെ നടുവിലാണ്. അന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷപരിപാടിക്കു വരുന്നത് പോലീസിനെ ഉപയോഗിച്ച് തടഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ വച്ചാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. മാണി സാര്‍ 100 ശതമാനവും കുറ്റക്കാരനല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും ഇതു തന്നെയാണു കണ്ടെത്തിയത്. മാണിസാറിന്റെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാന് സാധിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
മന്ത്രി കെപി വിശ്വനാഥന് 2005ല്‍ തന്റെ മന്ത്രിസഭയില്‍ നിന്ന് കോടതി പരാമര്‍ശത്തിന്റെ പേരില്‍ രജിവച്ചപ്പോള്‍ അത് ഒഴിവാക്കേണ്ടതായിരുന്നെന്ന് പിന്നീട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജനപ്രതിനിധികളും ജനങ്ങളും തമ്മില്‍ വളരെ അടുത്ത് സംവദിക്കുന്ന പുതിയ രാഷ്ട്രീയ സംസ്കാരത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതൃത്വത്തിലെ ഐക്യം അടുത്ത തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മികച്ചനേട്ടം കൊണ്ടുവരും.
തിരുകേശം വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് വലിയൊരു ജനവിഭാഗത്തെ വ്രണപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് ഈ വിഷയത്തിലും മുഖ്യമന്ത്രി സ്വീകരിച്ചത്.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ് എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, എംഎം ഹസന്, സിപി ജോണ്‍, ജി ദേവരാജന്‍, ബീമാപള്ളി റഷീദ്, സോളമന് അലക്സ് എന്നിവര്‍ പ്രസംഗിച്ചു.