കൊച്ചി: എറണാകുളം കണ്ണമാലിയില്‍ കടല്‍ക്ഷോഭം ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദുരിതപൂര്‍ണമായ ജീവിതമാണ് മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്നതെന്നും സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം വി.ഡി. സതീശന്‍ പറഞ്ഞു. എല്ലാവരേയും നേരിൽ കണ്ട പ്രതിപക്ഷ നേതാവ് ജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്.
12.5 കിലോമീറ്റര്‍ കടല്‍ഭിത്തി കെട്ടാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഏഴ് കിലോമീറ്ററില്‍ അവസാനിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടല്‍ഭിത്തി കെട്ടാത്ത സ്ഥലത്തെ ആഘാതം ഇരട്ടിയായെന്നും പലരുടെയും വീടിരുന്ന സ്ഥലത്ത് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ പകുതി ഇടിഞ്ഞുവീഴാറായ വീടുകളിലാണ് പലരും താമസിക്കുന്നത്. ഇത്തരമൊരു ദയനീയ സ്ഥിതിയിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും എടവനക്കാട് കടപ്പുറത്തെ സ്ഥിതിയും ഇതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കടല്‍ ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഒരു പദ്ധതികളും സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യം ഹൈബി ഈഡന്‍ എംപിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എതെങ്കിലും പദ്ധതികള്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ അതിനായി സമ്മർദ്ദം ചെലുത്താന്‍ എംപിമാർക്ക് കഴിയും.
കടല്‍ ഭിത്തി വരുന്നതോടെ ചെല്ലാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ട് അവിടെയും പകുതി പ്രശ്‌നങ്ങള്‍ പോലും തീര്‍ന്നിട്ടില്ല. മൂന്ന് കിലോമീറ്ററെങ്കിലും കടല്‍ ഭിത്തി നിര്‍മ്മിച്ചിരുന്നെങ്കില്‍ കണ്ണമ്മാലിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാകുമായിരുന്നു. ആ പദ്ധതിക്ക് എന്തുപറ്റിയെന്നതില്‍ ആര്‍ക്കും മറുപടിയില്ല. കടല്‍ക്ഷോഭം ശക്തമാകുന്നതോടെ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ജിയോബാഗുകളും ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. സംസ്ഥാനത്ത് ഏറ്റവും ഗുരുതരമായ പ്രശ്‌നമാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചെല്ലാനത്തെയും എടവനക്കാട് കടപ്പുറത്തെയും വിഷയം നിയമസഭയില്‍ ഉന്നയിച്ചു. അടിയന്തിര പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
പ്രദേശവാസികൾക്കൊപ്പം കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. തുടർന്ന് കടൽക്ഷോഭ പ്രശ്നത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നടക്കുന്ന സത്യഗ്രഹ സമരപന്തലിൽ എത്തി പിന്തുണ രേഖപ്പെടുത്തി സംസാരിച്ചു. സെന്‍റ് ജോസഫ് സ്കൂളിൽ തീരദേശ ജനതയുടെ ദുരിതങ്ങൾ വിവരിക്കാൻ സംഘടിപ്പിക്കപ്പെട്ട പരിപാടിയിലും പ്രതിപക്ഷ നേതാവ് പങ്കെടുത്തു. തീരദേശ ഹൈവേ വരുന്നതിലുള്ള ആശങ്കയും, തീരദേശ നിവാസികളുടെ പ്രശ്നങ്ങളും പ്രതിപക്ഷ നേതാവിനോട് ജനങ്ങൾ പങ്കുവെച്ചു. എല്ലാവരേയും നേരിൽ കണ്ട് വി.ഡി. സതീശൻ അവരുടെ പരാതികൾ സ്വീകരിച്ചു. അവരുടെ ജീവിക്കാനുള്ള പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും രേഖപ്പെടുത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.
ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ എൻ. വേണുഗോപാൽ, ഐ.കെ. രാജു, തമ്പി സുബ്രഹ്മണ്യം , ഫാദർ സെബാസ്റ്റ്യൻ പനഞ്ചിക്കൽ, ഫാദർ എബി സെബാസ്റ്റ്യൻ ചൊവ്വല്ലൂർ, ഫാദർ ജോൺ കണ്ടത്തിപറമ്പിൽ, ഫാദർ ആന്‍റണി ടോപോൾ, ഫാദർ തോബിയാസ് തെക്കേപാലക്കൽ, ഫാദർ പ്രമോദ് ശാസ്താംപറമ്പിൽ, ഷാജി കുറുപ്പശേരി, ജേക്കബ്, ജോഷി, എന്നിവർ സംബന്ധിച്ചു.