ഇടതുമുന്നണി വിപുലീകരണം: വെല്ലുവിളി ഉയരുന്നത് സി.പി.ഐയുടെ വിലപേശൽ ശേഷിക്ക്; സി.പി.ഐക്കെതിരെ സി.പി.എം കൂറുമുന്നണി

B.S. Shiju
Friday, December 28, 2018

CPI-CPM-clash

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുമ്പ് നടന്ന ഇടതുമുന്നണി വിപുലീകരണത്തിലൂടെ സിപിഐയുടെ  വിലപേശൽശേഷി ഇല്ലാതാക്കാൻ സിപിഎം ശ്രമം. നിരവധി രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് മുന്നണി വിപുലീകരണം നടത്തിയ സിപിഎം ഫലത്തിൽ മുന്നണിക്കുള്ളിലെ സി.പി.ഐയുടെ കരുനീക്കങ്ങൾ അവസാനിപ്പിക്കാൻ കൂടിയുളള തന്ത്രമാണ് നടപ്പാക്കിയത്. കേരളകോൺഗ്രസ് (ബി), ജനാധിപത്യ കേരളകോൺഗ്രസ്, ഐ.എൻ.എൽ, ലോക് താന്ത്രിക് ജനതാദൾ എന്നീ കക്ഷികളെയാണ് മുന്നണി വിപുലീകരണത്തിലൂടെ സി.പി.എം അകത്തിരുത്തിയത്. സർക്കാരിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ സി.പി.ഐ നടത്തിയ നീക്കങ്ങൾ സി.പി.എമ്മിനെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. സി.പി.ഐയുടെ നീക്കങ്ങളെ മുന്നണിക്കുള്ളിലും പുറത്തും തറപറ്റിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിരുന്നില്ല.

തോമസ് ചാണ്ടി വിഷയത്തിലും സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ സി.പി.ഐ നിലപാട് പൊതു രാഷ്ട്രീയ സമൂഹത്തിൽ ഏറെ സ്വീകാര്യത നേടിയിരുന്നു.  ക്യാബിനറ്റ് യോഗത്തില്‍ നിന്ന് സി.പി.ഐയുടെ നാല് മന്ത്രിമാർ വിട്ട് നിന്നപ്പോൾ തകർന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും വിശ്വാസ്യതയുമാണ്. ഇത് പ്രതിപക്ഷം ആയുധമാക്കിയതോടെ സി.പി.എമ്മിന് കനത്ത തിരിച്ചടിയുമുണ്ടായി. വിഷയം പാർട്ടിക്കുള്ളിലും വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചത്. ഇതടക്കം നിരവധി വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വരം വ്യത്യസ്തമാക്കിയതും സി.പി.എമ്മിന്‍റെ രോഷം ഇരട്ടിയാക്കിയിരുന്നു.

ഇടുക്കി ഭൂമി കയ്യേറ്റ വിഷയത്തിലടക്കം സി.പി.എം – സി.പി.ഐ ജില്ലാനേതൃത്വങ്ങൾ കൊമ്പു കോർത്തിരുന്നു. ഇതിന്റെ അലയൊലികൾ സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പ്രാദേശികമായ എതിർപ്പുകൾ ഉണ്ടാക്കിയെങ്കിലും ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങൾ ബുദ്ധിപരമായ മൗനം പാലിക്കുകയായിരുന്നു. എന്നാൽ പല ഔദ്യോഗിക തീരുമാനങ്ങൾക്കെതിരെയും സി.പി.ഐ സംസ്ഥാന നേതൃത്വം കടുത്ത നിലപാടിൽ തുടർന്നതും സി.പി.എമ്മിന് തലവേദനയായി. ഇത്തരം തീരുമാനങ്ങളിൽ നിന്ന് സി.പി.ഐയെ പിന്തിരിപ്പിച്ച് മൂക്കുകയറിടാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടിയാണ് സി.പി.എം നേതൃത്വം മുന്നണി വിപുലീകരണത്തിന് പച്ചക്കൊടി വീശയത്. മുന്നണിക്കുള്ളിൽ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ച് ഘടകകക്ഷികൾ ഒരുമിക്കുമ്പോൾ ഫലത്തിൽ സി.പി.ഐയുടെ വിലപേശൽ ശേഷിയാവും ഇല്ലാതാക്കപ്പെടുക. സി.പി.ഐക്കൊപ്പം പല നിലപാടുകളിലും ഒരുമിച്ച് നിലയുറപ്പിച്ച വി.എസിന്റെ സാന്നിധ്യവും സി.പി.എമ്മിനെ അലോസരപ്പെടുത്തിയിരുന്നു.

ഇത്തരം അപ്രമാദിത്വങ്ങൾക്ക് കൂടി അറുതി വരുത്താനാണ് ആർ. ബാലകൃഷ്ണപിള്ളയെ കൂടി മുന്നണിയിലെത്തിച്ചത്. കേരളകോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയും സി.പി.എമ്മിന്റെ മുതിർന്ന േനതാവും ഭരണപരിഷ്‌ക്കാര കമ്മീഷനംഗവുമായ വി.എസ് അച്യുതാനന്ദനും തമ്മിൽ നിലനിലക്കുന്ന രാഷ്ട്രീയവൈര്യം സി.പി.ഐക്കെതിെര കൂടി തിരിക്കാനാവും സി.പി.എമ്മിന്റെ നീക്കം. എപ്പോഴും ഭൂമി കയ്യേറ്റം വിഷയമാകുന്ന ഇടുക്കിയിൽ ന്യൂനപക്ഷങ്ങളെ കൂടി ആകർഷിക്കാനെന്ന പേരിലാണ് ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോൺഗ്രസിനെ കൂടെക്കൂട്ടിയത്. മുമ്പ് ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കേരളകോൺഗ്രസിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. കെ.സി ജോസഫും, ആന്റണി രാജുവുമാണ് നേതൃനിരയിലുള്ള മറ്റ് പ്രമുഖർ.

പ്രധാനമായും ഇടുക്കിയിൽ സി.പി.ഐയുടെ വെല്ലുവിളി മറികടക്കാനും ഭൂമികയ്യേറ്റമടക്കമുള്ള വിഷയങ്ങളിൽ സി.പി.ഐ നിലപാട് അപ്രസക്തമാക്കാനുമാവും ഫ്രാൻസിസ് ജോർജ്ജിന്റെ മുന്നണി പ്രവേശനത്തോടെ സാധ്യമാകുമെന്ന് സി.പി.എം കരുതുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന സി.പി.ഐയുടെ പ്രഖ്യാപനം ഇല്ലാതാക്കാനാവും ഐ.എൻ.എൽ രപവേശനം. സംസ്ഥാനത്തിന്റെ പലയിടത്തും പ്രത്യേകിച്ച് വടക്കൻ കേരളത്തിലും ഐ.എൻ.എൽ- സി.പി.എം ബന്ധം ശക്തിപ്പെടുന്നതോടെ സി.പി.ഐ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. മുമ്പ് യു.ഡി.എഫിൽ പോയ വീരനെയും മുന്നണിയിൽ ഉൾപ്പെടുത്തി രാഷ്ട്രീയ അഭയം നൽകിയേതാടെ സി.പി.എമ്മിന് മുന്നണിക്കുള്ളിൽ ശക്തി കൂടുകയാണ് ചെയ്തിട്ടുള്ളത്. സീറ്റ് വിഭജനത്തിലടക്കം സി.പി.ഐയുശട വിരട്ടൽ ഇനി എല്ലാ ഘടകകക്ഷികളെയും ചേർത്താവും സി.പി.എം നേരിടുക. ഫലത്തിൽ മുന്നണിക്കുള്ളിലെ വിവാദങ്ങൾക്ക് എണ്ണ പകരാൻ കാനവും സി.പി.ഐയും ഇനി ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നതാണ് വസ്തുത.