പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, June 23, 2019

Ramesh-Chennithala

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനുവേണ്ടിയാണ് തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം തടസപ്പെടുത്തിയത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് നടന്നാല്‍ തോല്‍വിയുണ്ടാകുമെന്ന് ഭയന്നാണ് അട്ടിമറി ശ്രമം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഐഡന്‍റിറ്റി കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിഷ്പക്ഷമായും സ്വതന്ത്രമായും തെരഞ്ഞെടുപ്പ് നടന്നാല്‍ ഭരണപക്ഷ അനുകൂല പാനലിന് പരാജയം സംഭവിക്കുമെന്ന് ഉറപ്പായതിനാലാണ് അട്ടിമറിക്കാന്‍ നോക്കുന്നത്. ഇത് സംസ്ഥാന പൊലീസ് സേനയുടെ അച്ചടക്കത്തെ തകര്‍ക്കും.

ഐഡന്‍റിറ്റി കാര്‍ഡ് വിതരണം നടത്തണമെന്നാവശ്യപ്പെട്ട സഹകരണ സംഘം അംഗങ്ങളെ ഒരു വിഭാഗം കയ്യേറ്റം ചെയ്യുകയും അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുകയാണുണ്ടായത്.  കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ കൃത്രിമം കാട്ടുകയും അത് നിഷേധിക്കുകയും ചെയ്തവര്‍ തന്നെയാണ് സഹകരണ സംഘം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് പിന്നിലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.