വിഴിഞ്ഞം പദ്ധതി: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് ആരുമറിയാതെ സഭയില്‍വെച്ച് തടിയൂരി സർക്കാര്‍

Jaihind Webdesk
Saturday, July 6, 2019

Oommen-Chandy

വിഴിഞ്ഞം ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ആരുമറിയാതെ സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോർട്ട് നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസമാണ് സഭയുടെ മേശപ്പുറത്ത് വെച്ചത്. വിഴിഞ്ഞം പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും വൻ അഴിമതി ആരോപിച്ചിരുന്നു.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോർട്ടിനെ തുടർന്നാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മീഷനെ ഇടതുസർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ഡിസംബറിൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പുറത്തുവിടാൻ സർക്കാർ തയാറായില്ല. ലോക്സഭാ തെരഞ്ഞടുപ്പ് മുന്നിൽക്കണ്ട് കമ്മീഷൻ കാലാവധി നീട്ടി നൽകാൻ, അവർ ആവശ്യപ്പെടാതെ തന്നെ സർക്കാർ നീക്കം നടത്തിയിരുന്നു. എന്നാൽ കാലാവധിക്ക് മുമ്പ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു.

വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അഴിമതി ഉണ്ടെന്ന സർക്കാർ വാദവും കമ്മീഷന്‍ തള്ളി. എ.ജിയുടെ അഭിപ്രായം ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കാമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. വിഷയം സഭയിൽ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവമായ നീക്കമാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. അഴിമതി കണ്ടെത്താതിനാൽ സർക്കാർ വിഷയത്തിൽ നിന്നും ഒളിച്ചോടി. സോളാർ തട്ടിപ്പ് വിഷയം സംബന്ധിച്ച് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത സർക്കാരാണ് വിഴിഞ്ഞം റിപ്പോർട്ട് ആരുമറിയാതെ സമർപ്പിച്ച് തടിതപ്പിയത്.