ഉണ്ണികൃഷ്ണനെ സംരക്ഷിച്ച് പിണറായി സര്‍ക്കാര്‍; വിജിലന്‍സ് ശുപാര്‍ശ പൂഴ്ത്തി

Jaihind Webdesk
Wednesday, October 10, 2018

വ്യാജരേഖ ചമച്ച് ജോലി നേടിയ സി.പി.എം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണനെ സംരക്ഷിച്ച് പിണറായി സർക്കാർ. ഉണ്ണികൃഷ്ണന് എതിരെ വഞ്ചനയ്ക്ക് കേസ് എടുക്കണമെന്ന വിജിലൻസ് ശുപാർശ സർക്കാർ പൂഴ്ത്തി.

2016 ലാണ് സി പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍റെ മകൻ ജീവൻ ആനന്ദ്,  സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ 16 പേർക്ക് എതിരെ വഞ്ചനയ്ക്ക് കേസ് എടുക്കാൻ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയിരുന്ന കാലയളവിൽ ശുപാർശ ചെയ്തിരുന്നു. വ്യാജരേഖ ഹാജരാക്കി നിയമനം നേടിയ ഉണ്ണികൃഷ്ണന്‍റെ നിയമനം റദ്ദാക്കി ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തണമെന്നാണ് വിജിലൻസ് ശുപാർശ.

1996ൽ ബി.ടെക്ക് പാസായ ഉണ്ണികൃഷ്ണൻ 2002ൽ കിൻഫ്രയിൽ അസിസ്റ്റന്‍റ് മാനേജരായി ജോലി നേടിയത് 1996ൽ ബിരുദം നേടിയിട്ടുണ്ടെന്ന് വ്യാജവിവരം നൽകിയാണെന്നായിരുന്നു വിജിലൻസ് കണ്ടെത്തല്‍. ഉണ്ണികൃഷ്ണൻ സർക്കാരിനെയും കിൻഫ്രയേയും തെറ്റിദ്ധരിപ്പിച്ചതായും കിൻഫ്ര പ്രോജ്ക്റ്റ് ജനറൽ മാനേജർ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും വ്യാജ രേഖകൾ ഉപയോയിച്ചെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു.

ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയമുള്ള നിരവധി പേരെ ഴെിവാക്കിയായിരുന്നു ഉണ്ണികൃഷ്ണന്‍റെ നിയമനം. കളമശേരി കിൻഫ്ര പാർക്കിൽ ബ്രൂവറിക്ക് ചട്ടം ലംഘിച്ച് ഭൂമി അനുവദിച്ചത് ഉണ്ണികൃഷ്ണനാണ്. ചട്ടലംഘനം നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവായാണ് ഉണ്ണികൃഷ്ണൻ ഇപ്പോഴും തുടരുന്നത്. അതേ സമയം ഉണ്ണികൃഷ്ണന് എതിരെ വിജിലൻസ് റിപ്പോർട്ട് ഇല്ലെന്ന നിലപാടാണ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ സ്വീകരിച്ചിരിക്കുന്നത്. ജേക്കബ് തോമസിന് എതിരെ കേസ് എടുക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം.