എൽഡിഎഫ് മുന്നണി വിപുലീകരിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ട് : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, December 27, 2018

Ramesh-Chennithala

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നിൽ കണ്ടാണ് എൽഡിഎഫ് മുന്നണി വിപുലീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻപ് തള്ളി പറഞ്ഞവരെ ഒപ്പം കൂട്ടിയതിലൂടെ സിപിഎമ്മിന്റെ അവസരവാദവും മൂല്യ തകർച്ചയും ജനങ്ങൾക്ക് ബോധ്യമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വനിതാ മതിലിന്റെ പേരിൽ കോടതി ഉത്തരവുകൾ പോലും ലംഘിക്കുന്ന സർക്കാർ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി.

ഇത്രയും കാലം വർഗീയ കക്ഷിയെന്ന് വിശേഷിപ്പിച്ചിരുന്ന ഐഎൻഎല്ലിന്റെ നിറം മാറിയതെങ്ങനെയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. എം.പി വീരേന്ദ്രകുമാറിനും ആർ.ബാലകൃഷ്ണപിള്ളക്കും എതിരെ മുൻപ് സിപിഎം നടത്തിയ അതിരൂക്ഷമായ വിമർശനങ്ങളും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

വനിതാ മതിൽ എന്ന വർഗീയ മതിലിന് വേണ്ടി കുടുംബശ്രീ പ്രവർത്തകരെയും ആശാ ജീവനക്കാരെയും സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. യുഡിഎഫ് ഇത് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

വരാപ്പുഴ കസ്റ്റഡി കൊലപാതക കേസിൽ സർക്കാർ കള്ളക്കള്ളി നടത്തുകയാണ്. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.