‘സംരക്ഷകർ തന്നെ വിനാശകാരികളാകുന്നു; അന്വേഷണത്തിൽ അലംഭാവം’; എസ്‌ഐടിക്കെതിരെ ഹൈക്കോടതി

Jaihind News Bureau
Friday, December 19, 2025

ശബരിമലയിലെ ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ നിയമപരമായും ധാർമ്മികമായും ബാധ്യതപ്പെട്ടവർ തന്നെ അവ കൊള്ളയടിക്കാൻ കൂട്ടുനിന്നതിനെ അതിരൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. “സംരക്ഷകർ തന്നെ വിനാശകാരികളായി മാറുന്ന” അപൂർവ്വവും എന്നാൽ അതീവ ഗുരുതരവുമായ കുറ്റകൃത്യമാണ് ഇവിടെ നടന്നതെന്ന് കോടതി നിരീക്ഷിച്ചു. ഭക്തരുടെ കാണിക്കയും ക്ഷേത്ര സ്വത്തുക്കളും കാത്തുസൂക്ഷിക്കേണ്ട ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇത്തരം ക്രമക്കേടുകളിൽ പ്രതികളാകുന്നത് നീതിന്യായ വ്യവസ്ഥയ്ക്കും സമൂഹത്തിനും തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് കോടതി ഓർമ്മിപ്പിച്ചു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ  പ്രവർത്തനങ്ങളിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിൽ ബോധപൂർവമായ അലംഭാവം ദൃശ്യമാണെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കോടതി പറഞ്ഞു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന അനാവശ്യമായ കാലതാമസം നീതിനിർവ്വഹണത്തിന് തടസ്സമാകുന്നു. അന്വേഷണം വെറും താഴെത്തട്ടിലുള്ളവരിലേക്ക് ഒതുക്കാതെ, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നതരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ കമ്മീഷണർ കെ.എസ്. ബൈജു എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകൾ കോടതി തള്ളി. ഇത്രയും ഉന്നത പദവികൾ വഹിച്ചിരുന്ന വ്യക്തികൾ കുറ്റകൃത്യത്തിൽ പങ്കാളികളായി എന്ന ആരോപണം ഗൗരവകരമാണെന്നും, ഈ ഘട്ടത്തിൽ ഇവർക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.

ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണത്തിൽ കാണിക്കുന്ന മെല്ലെപ്പോക്ക് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചു. കുറ്റവാളികൾ എത്ര ഉന്നതരായാലും അവർ നിയമത്തിന് മുന്നിൽ വരണമെന്നും, നീതിപൂർവ്വമായ അന്വേഷണം ഉറപ്പാക്കാൻ എസ്.ഐ.ടിക്ക് ബാധ്യതയുണ്ടെന്നും ഉത്തരവിൽ ഊന്നിപ്പറയുന്നു.