സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; അജാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്

കൊല്ലപ്പെട്ട സിവിൽ പോലീസ് ഓഫീസർ സൗമ്യയുടെ മൃതദേഹം ഇന്ന് 11 ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ലിബിയയിലുള്ള ഭർത്താവ് ഇന്നലെ നാട്ടിലെത്തി. പ്രതിയായ അജാസും മരണത്തിന് കീഴടങ്ങി.

ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലുള്ള മൃതദേഹം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങും. ഇവിടുന്ന് വിലാപയാത്രയായി രാവിലെ 9 ന് സൗമ്യ മൂന്നര വർഷമായി ജോലി ചെയ്യുന്ന വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. സൗമ്യ പരിശീലനം നടത്തിയ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ആദ്യം അന്ത്യോപചാരം അർപ്പിക്കുന്നത്. തുടർന്ന് ജനങ്ങൾക്ക് കാണാൻ അവസരമൊരുക്കും. പോലീസ് ഔദ്യോഗിക ബഹുമതികളോടെയാണ് സൗമ്യക്ക് ആദരം നല്കുന്നത്. ഇവിടുന്ന് വിലാപയാത്രയായി കാമ്പിശ്ശേരി തെക്കേമുറിയിൽ എത്തിക്കുന്ന മൃതദേഹത്തിൽ ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പുഷ്പചക്രങ്ങളർപ്പിക്കും.

ലിബിയയിലുള്ള സൗമ്യയുടെ ഭർത്താവ് സജീവ് രാത്രിയിൽ വള്ളിക്കുന്നത്തെ കുടുബ വീട്ടിലെത്തി. മൂന്നാഴ്ച മുൻപാണ് സജീവ് ലിബിയയിലേക്ക് പോയത്. സാക്ഷര കേരളത്തെ ഞെട്ടിച്ച ദാരുണമായ കൊലപാതകത്തിന്‍റെ മുറിവ് . മാവേലിക്കര വള്ളിക്കുന്നം സ്വദേശികളുടെ മനസ്സിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല.

പ്രതിയായ അജാസും ഇന്നലെ മരണത്തിന് കീഴടങ്ങി . ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് അജാസ് മരിക്കുന്നത്.

Comments (0)
Add Comment