ശബരിമല : തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്; യുവതികൾ എത്തുമെന്ന് പ്രഖ്യാപിച്ചതോടെ കനത്ത സുരക്ഷ ഒരുക്കി പൊലീസ്

Jaihind News Bureau
Wednesday, November 27, 2019

ശബരിമല സീസൺ ആരംഭിച്ച് പത്തുദിവസത്തിനുള്ളിൽ ദർശനത്തിനെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവ്. എന്നാൽ ശബരിമല സന്നിധാനത്തേക്ക് വീണ്ടും യുവതികൾ എത്തുമെന്ന് പ്രഖ്യാപിച്ചതോടെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

തീർത്ഥാടനകാലം ആരംഭിച്ച പത്തു ദിവസത്തിനുള്ളിൽ നാലരലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനത്തിനെത്തിയത്. ഈ സാഹചര്യത്തിൽ ക്ഷേത്രത്തിലെ വരുമാനത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇനിയും തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടാകുമെന്നാണ് ദേവസ്വം ബോർഡും സർക്കാറും പ്രതീക്ഷിക്കുന്നത്.

യുവതി പ്രവേശനത്തിൽ സർക്കാർ അയവു വരുത്തിയതോടെ സന്നിധാനത്ത് പ്രതിഷേധക്കാരുടെ എണ്ണം കുറഞ്ഞതായാണ് പോലീസ് നിഗമനം. അതേസമയം ശബരിമല ദർശനത്തിനായി ചില സ്ത്രീകൾ സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ സംരക്ഷണ അനുമതി നൽകേണ്ടെന്ന നിലപാടിലാണ് പോലീസ്. എന്നാൽ യുവതികൾ ദർശനത്തിന് എത്തുകയാണെങ്കിൽ അവരെ തടയാനായി സന്നിധാനത്തും പരിസരങ്ങളിലും ശബരിമല കര്‍മ്മ സമിതി പ്രവർത്തകർ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ ശബരിമലയും പരിസരവും കർശന പോലീസ് നിരീക്ഷണത്തിലാണ്.

യുവതികൾ എത്തുന്നുണ്ടോ എന്നറിയാനായി നിലയ്ക്കലിൽ വനിത പോലീസുകാർ ഉൾപ്പെടെ വാഹനങ്ങളിൽ വരെ കയറി പരിശോധന നടത്തുന്നുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും ഭക്തരെ കർശന പരിശോധനകൾക്ക് ശേഷമാണ് കടത്തിവിടുന്നത്. യുവതികൾ എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി ഒരു ഉന്നത ഉദ്യോഗസ്ഥന് സർക്കാർ ചുമതല നൽകിയിട്ടുണ്ടെന്നാണ് വിവരം. യാതൊരു കാരണവശാലും യുവതികളെ സന്നിധാനത്ത് എത്തിക്കരുതെന്ന് സിപിഎം നേതൃത്വവും സർക്കാറിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടകരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഇത്തവണയും കൂടുതലും അന്യ സംസ്ഥാന തീർത്ഥാടകർ തന്നെയാണ് ദർശനത്തിനായി ഇതുവരെ സന്നിധാനത്ത് എത്തിയത്.