കരിമണല്‍ കമ്പനിക്കുവേണ്ടി നിയമങ്ങള്‍ കാറ്റില്‍ പറത്തി ഭൂമിദാന നീക്കം; ദുരൂഹമായി മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പിന്‍റെയും ഇടപെടല്‍

Jaihind Webdesk
Monday, November 6, 2023

 

തിരുവനന്തപുരം: കരിമണൽ വ്യവസായ കോംപ്ലക്സ് സ്ഥാപിക്കാനെന്ന പേരിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിയുമായി സാമ്പത്തിക ബന്ധം ഉണ്ടായിരുന്ന സിഎംആര്‍എല്ലിന് ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾ മറികടന്നു കോടികൾ വില മതിക്കുന്ന ഭൂമി കൈവശം വെക്കാൻ അനുവാദം നൽകാനുള്ള ശുപാർയ്ക്ക് തടയിട്ട് റവന്യൂ വകുപ്പ്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് റവന്യൂ വകുപ്പ് തടഞ്ഞ ഈ നീക്കം പൊടിതട്ടി ഈ സർക്കാരിന്‍റെ കാലത്തു മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും അപേക്ഷ നൽകി
കൊണ്ടുവന്നെങ്കിലും റവന്യൂ വകുപ്പ് ശക്തമായി തടഞ്ഞതോടെയാണ് ഭൂമിദാന നീക്കവും വിവാദമാകുന്നത്.

വീണാ വിജയനും എക്സാലോജിക്കിനും സിഎംആർഎൽ കമ്പനി 1.72 കോടി രൂപ നൽകിയ മാസപ്പടി വിവാദത്തിനു പിന്നാലെയാണ് ഭൂമിദാന നീക്കവും പുറത്തുവരുന്നത്. സിഎംആർഎൽ കമ്പനി രൂപീകരിച്ച കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡിന് ആലപ്പുഴ തൃക്കുന്നപ്പുഴയിലുള്ള 51 ഏക്കർ ഭൂമി കൈവശം
വെക്കാൻ ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവു തേടിയാണു കമ്പനി സർക്കാരിനെ സമീപിച്ചത്. ഈ ഭൂമിക്ക് 75 കോടിയെങ്കിലും വില വരും. ഒന്നാം പിണാറായി സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ ഈ നീക്കം പരിധിയിലധികം ഭൂമി കൈവശം വെക്കാൻ അനുവദിക്കേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടിഅന്നത്തെ റവന്യൂ മന്ത്രി തടഞ്ഞിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാർ വന്നതോടെ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രി പി. രാജീവിനും കമ്പനി വീണ്ടും അപേക്ഷ നൽകി നീക്കം സജീവമാക്കി. പിന്നാലെ ജില്ലാതല സമിതി 2022 ജൂൺ 15-ന് യോഗം ചേർന്ന് ഭൂമി കൈവശം വെക്കാൻ കമ്പനിക്കു ഇളവു നൽകാൻ ശുപാർശ ചെയ്തു. ഈ നീക്കവും റവന്യൂ വകുപ്പ് തടഞ്ഞതോടെയാണ് ഭൂമിദാന വിവാദം പുറത്തുവരുന്നത്.

കരിമണൽ വ്യവസായ കോംപ്ലക്സ് സ്ഥാപിക്കാൻ എന്ന പേരിൽ സ്വകാര്യ കരിമണൽ ഖനനം ലക്ഷ്യമിട്ടായിരുന്നു കെആർഇഎംഎൽ തൃക്കുന്നപ്പുഴയിൽ 20.84 ഹെക്ടറും ആറാട്ടുപുഴയിൽ 3.67 ഹെക്ടറും ഭൂമി വാങ്ങിയത്. ഇതിനെതിരെ പ്രതിഷേധമുയരുകയും കരിമണൽ ഖനനം പൊതുമേഖലയിൽ മാത്രമേ പാടുള്ളൂവെന്നു കേന്ദ്രനിയമത്തിൽ ഭേദഗതി വരുകയും ചെയ്തതോടെ പദ്ധതി പാളുകയായിരുന്നു. ഭൂപരിഷ്കരണ നിയമപ്രകാരം കമ്പനിക്കു കൈവശം വെക്കാവുന്ന ഭൂമി 15 ഏക്കറാണ്. വാങ്ങിയ ആവശ്യത്തിനു നിശ്ചിത കാലയളവിനുള്ളിൽ ഭൂമി വിനിയോഗിച്ചില്ലെങ്കിൽ കൂടുതലുള്ള ഭൂമി സർക്കാരിന് ഏറ്റെടുക്കാം. പൊതുതാൽപര്യം മുൻനിർത്തി സർക്കാരിന് ഇളവ് അനുവദിക്കാമെന്ന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു കരിമണൽ കമ്പനി അധിക ഭൂമി സംരക്ഷിക്കാൻ നീക്കങ്ങൾ നടത്തുന്നത്. ഭൂമിദാനം പാളിയെങ്കിലും ഇതിൽ മുഖ്യമന്ത്രിയുടെയും വ്യവസായ വകുപ്പിന്‍റെയും ഇടപെടല്‍ ദുരൂഹത വർധിപ്പിക്കുന്നു.