ഗാനമേളയുടെ സംഘാടകരെ പ്രതിചേര്‍ത്തേക്കും; വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തേക്കും

Jaihind Webdesk
Sunday, November 26, 2023

കൊച്ചി കുസാറ്റില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നാലുപേര്‍ മരിക്കാനിടയായ ഗാനമേളയുടെ സംഘാടകരെ ഇന്ന് പ്രതി ചേര്‍ത്തേക്കും. അസ്വാഭാവിക മരണത്തിന് കളമശേരി പോലീസ് കേസെടുത്തു. ആശുപത്രിയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിശദമായ അന്വേഷണത്തിന് ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, പറവൂര്‍ സ്വദേശിനി ആന്‍ റിഫ്റ്റ, താമരശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജേക്കബ് എന്നിവരാണ് മരിച്ചത്. ഹാളില്‍ ഗാനസന്ധ്യ ക്രമീകരണത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ഗേറ്റിലൂടെയാണ് അകത്തു പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും . ഇതു തന്നെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുണ്ടാവുക. മഴ വന്നപ്പോള്‍ കുട്ടികളുടെ ഐഡി കാര്‍ഡ് ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ തള്ളിക്കയറ്റമുണ്ടായി. തള്ളിക്കയറ്റത്തിനിടെ വീണവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികള്‍ക്കു മനസിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അത്ര തിരക്കുണ്ടായിരുന്നു. ഹാളില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതില്‍ അധികം ആളുകളുണ്ടായിരുന്നെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഓഡിറ്റോറിയത്തില്‍ അപകടം നടന്ന ശേഷമുള്ള ദൃശ്യങ്ങളും ചങ്കു പിളര്‍ക്കുന്നതായിരുന്നു. ദുരന്തത്തിന്റെ അവശേഷിപ്പുകളെന്നോണം കുട്ടികളുെട ചെരുപ്പുകളും വെള്ളക്കുപ്പികളും അങ്ങിങ്ങായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അപകടം നടന്നതിനു പിന്നാലെ ആളുകള്‍ ഓടിക്കൂടി വിദ്യാര്‍ത്ഥികളെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചതു മൂലമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നാണ് നിഗമനം.