അപടകം അങ്ങേയറ്റം ഹൃദയഭേദകം, ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് അപകടമുണ്ടായി; പ്രതികരണവുമായി ഗായിക നികിത ഗാന്ധി

Sunday, November 26, 2023


കുസാറ്റ് ക്യാമ്പസില്‍ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ പറഞ്ഞു. ബോളിവുഡ് ഗായികയായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റില്‍ അപകടമുണ്ടാകുന്നത്.

‘കൊച്ചിയിലുണ്ടായ അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാന്‍ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു’, നികിത ഗാന്ധി സാമൂഹ്യമാധ്യമത്തിലൂടെ പ്രതികരിച്ചു. കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കില്‍ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ നാല് പേരാണ് മരിച്ചത്.