ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നാക്രമണമെന്ന് കെടിഎഫ്

ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ (കെടിഎഫ്) ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നാക്രമണമായി ഈ നടപടിയെ ടെലിവിഷന്‍ ഫെഡറേഷന്‍ വിലയിരുത്തി.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടാനുള്ള നടപടി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ എന്ന് കെടിഎഫ് അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ചൊല്‍പ്പടിക്കു നിര്‍ത്താനുള്ള ഭരണകൂട നീക്കങ്ങളെ എക്കാലത്തും എതിര്‍ത്ത് തോല്‍പ്പിച്ച പാരമ്പര്യമാണ് ഇന്ത്യന്‍ ജനതയ്ക്കും മാധ്യമ ലോകത്തിനുമുള്ളത്. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുള്ള ഭരണകൂട നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കാന്‍ മാധ്യമലോകം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസ്താവിച്ചു.

KTF
Comments (0)
Add Comment