എംജി സർവകലാശാലയിലെ എസ്എഫ്ഐ സ്പോൺസേർഡ് ഗുണ്ടായിസം അവസാനിപ്പിക്കും: കെ.എസ്.യു

Jaihind Webdesk
Tuesday, August 20, 2024

 

കൊച്ചി: എംജി സർവകലാശാലയിൽ എസ്എഫ്ഐ നടത്തുന്ന അക്രമ പരമ്പരകൾ അവസാനിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കഴിഞ്ഞ സെനറ്റ് – സ്റ്റുഡന്‍റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു
സ്ഥാനാർത്ഥികളെയുൾപ്പെടെ മർദ്ദിച്ചത് ഇതിന് ഉദാഹരണമാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. എംജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്‍പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിവ് പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഉദ്ഘാടന പരിപാടി ഒഴിവാക്കി പകരം പരിശീലന ക്ലാസുകൾ, ചർച്ചകൾ, യൂണിറ്റ് തല പ്രവർത്തന അവലോകനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. എംജി സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം പേരാണ് ശില്‍പശാലയിൽ പങ്കെടുത്തത്.

എംഎൽഎമാരായ ഡോ. മാത്യു കുഴൽനാടൻ , എൽദോസ് കുന്നപ്പിള്ളില്‍, കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോസഫ് വാഴക്കൻ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, എൻഎസ്‌യുഐ ദേശീയ ജനറല്‍ സെക്രട്ടറി അനുലേഖ, വീക്ഷണം മാനേജിംഗ് ഡയറക്ടർ ജെയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, പി.പി. എൽദോസ് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ, കെഎസ്‌യു സംസ്ഥാന കൺവീനർ ആഘോഷ് വി. സുരേഷ്, ജെറിൻ ജേക്കബ് പോൾ എന്നിവർ പ്രസംഗിച്ചു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി, കൺവീനർ ജെയ്ൻ പൊട്ടക്കൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.