വിദ്യാർത്ഥിനി പാമ്പ് കടിച്ചു മരിച്ച സംഭവം : വയനാട് ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസബന്ദ്; സ്‌കൂൾ-ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ

ബത്തേരിയിൽ വിദ്യാർത്ഥിനി പാമ്പ് കടിച്ചു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും കേസെടുത്തു. ആരോപണ വിധേയനായ അധ്യാപകനെയും ഡോക്ടറെയും സസ്പെന്‍റ് ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്ത് നൽകി. അതേസമയം, പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ അനാസ്ഥക്കെതിരെ ഇന്ന് വയനാട് ജില്ലയിൽ കെ എസ് യു വിദ്യാഭ്യാസബന്ദ്.

ബത്തേരിയിൽ ഗവൺമെന്‍റ് സർവജന സ്‌കൂൾ ക്ലാസ് റൂമിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. സ്‌കൂൾ അധികൃതരുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവന്നു.

ഷഹ് ലയ്ക്ക് ക്ലാസിൽവെച്ച് പാമ്പുകടിയേറ്റതിനെതുടർന്ന് ക്ലാസിലുണ്ടായിരുന്ന അധ്യാപിക ഷാജിലിനോട് കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് പറഞ്ഞെങ്കിലും ഷാജിലാണ് രക്ഷിതാവ് എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് നിലപാടെടുത്തത്. താൻ വരുന്ന വരെ കാക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഷഹ് ലയുടെ പിതാവ് വ്യക്തമാക്കിയതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് സ്‌കൂൾ അധികൃതർ.  സംഭവത്തിൽ ഷാജിലിന്‍റെ നിരുത്തരവാദം ബോധ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് സസ്പെൻഷനും വകുപ്പ് തല അന്വേഷണവും. സ്‌കൂളിലുണ്ടായിരുന്ന മറ്റ് അധ്യാപകർക്കെതിരെയും അന്വേഷണമുണ്ടാകും. സ്‌കൂളിനും താലൂക്ക് ആശുപത്രിക്കും വീഴ്ച പറ്റിയതായി സ്‌കൂളിലെത്തിയ ഷഹ് ലയുടെ പിതാവിന്‍റെ സഹോദരനും ആരോപിച്ചിരുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തു. വരുംദിവസങ്ങളിൽ കമ്മീഷൻ പ്രതിനിധികൾ സ്‌കൂളിലെത്തി കുട്ടികളെയും അധ്യാപകരെയും കാണും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് എം പി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ വിധേയനായ ഡോക്ടറെയും സസ്‌പെന്‍റ് ചെയ്തു. അതേസമയം, അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് കെ എസ് യു ഇന്ന് വയനാട് ജില്ലയിൽ വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

https://youtu.be/iZLvae9U-UU

Comments (0)
Add Comment