ഗവര്‍ണറെ കരിങ്കൊടി കാട്ടിയ എസ്.എഫ്.ഐക്കാര്‍ക്കെതിരെ നിസാര വകുപ്പ്; കെ.എസ്.യുക്കാരെ കുടുക്കാന്‍ കരുതിക്കൂട്ടി സര്‍ക്കാര്‍ നീക്കം

Jaihind Webdesk
Monday, December 11, 2023


മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമത്തിന് കേസെടുത്തപ്പോള്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കുന്ന കുറ്റങ്ങള്‍ മാത്രം. നവകേരള യാത്രക്ക് നേരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ മുഖ്യമന്ത്രി ഉള്‍പ്പടെ വിമര്‍ശിക്കുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ അതേ പ്രതിഷേധം തുടരാനാണ് ഇടത് യുവജനസംഘടനകളുടെ തീരുമാനം. ഗവര്‍ണറും മുഖ്യമന്ത്രിയും, ഏറ്റവും വലിയ സുരക്ഷയായ Z+ വിഭാഗത്തില്‍പെട്ട സംസ്ഥാനത്തെ രണ്ടേ രണ്ടുപേരാണ്. ഈ രണ്ട് പേര്‍ക്ക് നേരെയും ഇന്നലെ പ്രതിഷേധങ്ങളുണ്ടായി. ഒന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ എറണാകുളം ഓടക്കാലിയില്‍ വച്ച് കെ.എസ്.യു പ്രവര്‍ത്തകരുടെ ഷൂ ഏറ്. രണ്ട് തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹനവ്യൂഹം തടഞ്ഞ് എസ്.എഫ്.ഐക്കാരുടെ കരിങ്കൊടി പ്രതിഷേധം.

മുഖ്യമന്ത്രിക്ക് നേരെ ഷൂ എറിഞ്ഞ കെ.എസ്.യുക്കാരെ വധശ്രമക്കുറ്റം ചുമത്തി ജയിലിലടക്കും. എന്നാല്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്.എഫ്.ഐക്കാരെ പിടികൂടില്ലെന്ന് മാത്രമല്ല, അറസ്റ്റ് ആവശ്യമില്ലാത്ത നിസാരകുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാനെത്തുന്നവരെ ഏത് വിധേനെയും തടയാന്‍ ശ്രമിക്കുന്ന പൊലീസ് ഗവര്‍ണറെ ഒരേ സ്ഥലത്ത് വച്ച് രണ്ട് തവണ കരിങ്കൊടി കാണിച്ചിട്ടും കാര്യമായ പ്രതിരോധമൊന്നും തീര്‍ക്കാതെ പ്രതിഷേധത്തിന് അവസരമൊരുക്കി. അതുപോലെ തന്നെയാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിക്കുന്നവരെ മര്‍ദിക്കാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് അവസരമൊരുക്കുന്നതും. നിയമം കയ്യിലെടുക്കുന്നവരെ രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ ന്യായീകരിക്കുമ്പോള്‍ കടുത്ത വകുപ്പ് ചുമത്തി കേസെടുക്കാന്‍ പൊലീസ് വിറയ്ക്കുകയാണ്. മുന്നറിയിപ്പിന്റെ സ്വരം മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചതോടെ പ്രതിപക്ഷ പ്രതിഷേധത്തെ സംസ്ഥാന വിരുദ്ധ ക്രിമിനല്‍ കുറ്റമായി കാണാന്‍ നിര്‍ബന്ധിതരായ പൊലീസ് ഇടത് സംഘടനകളുടെ പ്രതിഷേധത്തെ അവകാശസമരമായി കണ്ട് കണ്ണടക്കുന്നതും തുടരും.