കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് മികച്ച മുന്നേറ്റം; അക്രമം അഴിച്ചുവിട്ട് എസ്എഫ്ഐ

Jaihind Webdesk
Friday, November 24, 2023

 

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് മികച്ച മുന്നേറ്റം. പെരിങ്ങമ്മല
ഇക്ബാൽ കോളേജിൽ മുഴുവൻ സീറ്റും തൂത്തുവാരി കെഎസ്‌യു ഉജ്വല വിജയം നേടി. തോന്നക്കൽ എ.ജെ. കോളേജിലും പാങ്ങോട് മന്നാനിയ കോളേജിലേയും മുഴുവൻ സീറ്റിലും കെഎസ്‌യു വിജയിച്ചു. നെടുമങ്ങാട് ഗവണ്‍മെന്‍റ് കോളേജിലും കിളിമാനൂർ ശ്രീ ശങ്കരാ കോളേജ്‌ യൂണിയനും കെഎസ്‌യു നേടി.

പെരിങ്ങമ്മല ഇക്ബാൽ കോളേജ്, മന്നാനിയ കോളേജ് പാങ്ങോട്, മാവേലിക്കര ഐഎച്ച്ആർഡി, ശ്രീ ശങ്കര കോളേജ് കിളിമാനൂർ, എ ജെ കോളേജ് തോന്നയ്ക്കൽ എന്നിവിടങ്ങളിൽ യൂണിയൻ ഭരണം കെഎസ്‌യു തിരിച്ചുപിടിച്ചു. അമ്പലപ്പുഴ ഗവണ്‍മെന്‍റ് കോളേജ് യൂണിയൻ, കൊട്ടാരക്കര എസ്ജി കോളേജ് യൂണിയൻ എന്നിവയും കെഎസ്‌യു നേടി. ചെങ്ങന്നൂർ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് ചരിത്രത്തിൽ ആദ്യമായി കെഎസ്‌യു ഭരണം പിടിച്ചു. ചേർത്തല സെന്‍റ് മൈക്കിൾസ് കോളേജ് യൂണിയനും കെഎസ്‌യു പിടിച്ചെടുത്തു.

എംഎസ്എം കോളേജ് കായംകുളത്തും കെഎസ്‌യു ഉജ്വല വിജയം നേടി. കൊട്ടിയം എൻഎസ്എസ് ലോ കോളേജിൽ ചെയർമാൻ വൈസ് ചേർപേഴ്സൺ എന്നിവ കെഎസ്‌യുവിന് കിട്ടി. കരിക്കോട് ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയനും കെഎസ്‌യുവിന്. കൊല്ലം ഫാത്തിമ കോളേജ് പത്തു വർഷങ്ങൾക്ക് ശേഷം രണ്ട് ജനറൽ സീറ്റുകളിൽ വിജയിക്കാനായി. കേരള യൂണിവേഴ്സിറ്റിയിലും തുടരുന്ന ക്യാമ്പസ്‌ ജോഡോ എഫക്ടിനു പിന്നിൽ രാത്രികളെ പകലുകളാക്കി പണിയെടുത്ത ജില്ല പ്രസിഡന്‍റുമാർ, സംസ്ഥാന ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അഭിനന്ദിച്ചു.

അതേസമയം കെഎസ്‌യു വിജയത്തിൽ വിറളി പൂണ്ട എസ്എഫ്ഐ പെരിങ്ങമ്മല കോളേജിൽ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. കെഎസ്‌യു പ്രവർത്തകർക്കും പോലീസിനും നേരെ എസ്എഫ്ഐ പ്രവർത്തകർ അതിക്രമം കാട്ടി. കെഎസ്‌യുവിന്‍റെ ഫ്ലക്സുകളും കൊടിതോരണങ്ങളും തകർത്ത എസ്എഫ്ഐ പ്രവർത്തകർ ഏറെ നേരം
കോളേജിൽ അഴിഞ്ഞാടി. പോലീസ് ലാത്തിവീശി പ്രവർത്തകരെ പലകുറി പിരിച്ചുവിട്ടു. കല്ലേറിൽ ഒരു പോലീസുകാരന് തലയ്ക്ക് പരിക്കേറ്റു. സംഘർഷാവസ്ഥയ്ക്ക് ഇപ്പോൾ അയവ് വന്നിട്ടുണ്ടെങ്കിലും സ്ഥലത്ത് കൂടുതൽ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.