മയക്കുമരുന്നിനെതിരേ മയക്കം: ആഭ്യന്തര- എക്‌സൈസ് വകുപ്പുകളുടെ അനാസ്ഥയ്‌ക്കെതിരേ- കെ എസ് യു

Jaihind News Bureau
Thursday, March 6, 2025

കേരളം രാസലഹരിയുടെ ഹബ്ബായി മാറുമ്പോഴും നിര്‍ജീവമായി തുടരുന്ന ആഭ്യന്തരവകുപ്പിന്റെയും, എക്‌സൈസ് വകുപ്പിന്റെയും അനാസ്ഥയ്‌ക്കെതിരെ- കെ എസ് യു സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രതിഷേധമാര്‍ച്ച് നടത്തി.

കണ്ണൂരില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ജില്ലാ എക്‌സൈസ് ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് അഡ്വ.സജീവ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഓഫിസ് കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ച മാര്‍ച്ച് ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. കേരളത്തിലെ ലഹരി വസ്തുക്കളുടെ വ്യാപനത്തിന് ഒന്നാം പ്രതി സര്‍ക്കാരെന്ന് സജീവ് ജോസഫ് എംഎല്‍എ പറഞ്ഞു.

കേരളം രാസ ലഹരിയുടെ ഹബ്ബായി മാറുമ്പോഴും സര്‍ക്കാര്‍ ഉറക്കത്തിലാണ് എന്ന് ആരോപിച്ച് കോട്ടയം കലക്ടറേറ്റിലേക്ക് കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലേക്ക് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കലക്ടറേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടെ റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

എറണാകുളം ജില്ലാ എക്‌സൈസ് ഓഫീസിലേക്ക് ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും.

ആലപ്പുഴ എക്‌സൈസ് ഓഫീസിലേക്കും കെഎസ് യു മാര്‍ച്ച് നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെഎസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് അധ്യക്ഷത വഹിച്ചു. പോലീസുമായി കെഎസ് യു പ്രവര്‍ത്തകര്‍ ഉന്തു തള്ളും ഉണ്ടായതിനെ തുടര്‍ന്ന്, റോഡ് ഉപരോധിച്ച കെഎസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍, ലഹരിക്കെതിരെ നടക്കുന്ന ഹഗ്‌സ് നോട്ട് ഡ്രഗ്‌സ് ക്യാമ്പായിനുകളുടെ ഭാഗമായിട്ടുള്ള ചുമരെഴുത്ത് പ്രചരണം ആരംഭിച്ചു. ജീവിതമാണ് ലഹരി ‘ഹഗ്‌സ് നോട്ട് ഡ്രഗ്‌സ്’ എന്ന തലക്കെട്ടില്‍ ലഹരിക്കെതിരെ ജൂണ്‍ 10 വരെ 100 ദിനമായാണ് ക്യാമ്പയിന്‍.
മലപ്പുറത്ത് നടത്തിയ ചുമരെഴുത്ത് പ്രചരണം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 50 ഇടങ്ങളില്‍ ചുമരെഴുത്ത് പ്രചാരണം സംഘടിപ്പിക്കും. ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാരിസ് മുതൂര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് പാറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.