വായ്പ അടച്ചില്ല; യാത്രക്കാരെ ഇറക്കിവിട്ട ശേഷം കെ.എസ്.ആര്‍.ടി.സി ബസ് സി.സിക്കാര് കൊണ്ടുപോയി

Jaihind Webdesk
Friday, November 1, 2019

കൊച്ചി: ബംഗളൂരുവില്‍ നിന്ന് പുറപ്പെടാനിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ്് വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് കമ്പനിക്കാര് കൊണ്ടുപോയി. യാത്രക്കാരെ വിട്ടശേഷമാണ് ബസ് കൊണ്ടുപോയത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലാകുകയായിരുന്നു.  ബസില്‍ യാത്രക്കാര്‍ പലരും കയറിയ ശേഷം ഒരു സംഘം ആളുകളെത്തി സീറ്റുകളിലിരുന്ന ആളുകളെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ബ്ലാങ്കറ്റുകള്‍ ഉള്‍പ്പടെയുള്ളവ പുറത്തെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും കൊട്ടാരക്കരയിലേയ്ക്കുള്ള യാത്രക്കാര്‍ പറയുന്നു. ബസ് വരുന്നതു കാത്ത് സ്റ്റോപ്പുകളില്‍ നിന്നിരുന്ന യാത്രക്കാര്‍ക്ക് ഒന്നര മണിക്കൂറിനു ശേഷമാണ് ബസ് ക്യാന്‍സല്‍ ചെയ്തത് അറിയിച്ചു കൊണ്ട് മെസേജ് ലഭിച്ചത്. സാധാരണ നിലയില്‍ അത്യാവശ്യ സാഹചര്യത്തില്‍ ബസ് റദ്ദാക്കേണ്ടി വന്നാല്‍ പകരം സര്‍വീസ് ഏര്‍പ്പെടുത്തണമെന്നിരിക്കെ നടപടികളൊന്നും ഉണ്ടായില്ല.

യാത്രക്കാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എറണാകുളം വരെ ഡീലക്സ് സര്‍വീസ് ഏര്‍പ്പെടുത്താമെന്ന് അറിയിച്ച് വിളി വന്നെങ്കിലും പലരും അത് തിരഞ്ഞെടുക്കാന്‍ തയാറായില്ല. തിരുവനന്തപുരം വരെ ടിക്കറ്റെടുത്തവര്‍ വേറെ ടിക്കറ്റെടുത്ത് എറണാകുളത്ത് വന്ന് മാറിക്കയറണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. ബസിലെ ഡ്രൈവര്‍മാര്‍ എറണാകുളത്തുള്ളവരായതിനാല്‍ ഇവിടെ വരെ ഓടുന്നതിനേ നിര്‍വാഹമുള്ളൂ എന്ന് അധികൃതര്‍ പറഞ്ഞതായി യാത്രക്കാര്‍ പറയുന്നു.

മുംബൈ ആസ്ഥാനമായുള്ള കമ്പനിയില്‍ നിന്നാണ് കെഎസ്ആര്‍ടിസിക്കു സ്‌കാനിയ ബസും രണ്ട് ഡ്രൈവര്‍മാരെയും കെഎസ്ആര്‍ടിസി വാടകയ്ക്കെടുത്തിരിക്കുന്നത്. ഇവര്‍ അഞ്ചു മാസമായി ഫിനാന്‍സ് കമ്പനിക്ക് വായ്പ കുടിശികയാക്കിയിരിക്കുകയാണ്. വാടകയിനത്തില്‍ കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ള തുകയും കുടിശികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍..