കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കണ്ണീരോണം; ബെവ്‌കോ ജീവനക്കാര്‍ക്ക് ‘നല്ലോണം’

Jaihind Webdesk
Friday, September 13, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മിക്ക ബോര്‍ഡ് കോര്‍പ്പറേഷനുകളിനെ ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാന്‍ നല്ലൊരു തുക ബോണസ് ലഭിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഇത്തവണയും കണ്ണീരോണം.
ആശ്വാസമായി ഇത്തവണ ഒറ്റഗഡുവായി ശമ്പളം നല്‍കിയെങ്കിലും വന്‍തുക ബോണസ് ലഭിച്ച ബെവ്കോ ഉള്‍പ്പെടെയുള്ള മറ്റ് കോര്‍പ്പറേഷനിലെ ജീവനക്കാരെ കണ്ട് നെടുവീര്‍പ്പിടാന്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്കാര്‍ക്ക് യോഗം. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ അമര്‍ഷവുമുണ്ട്.

കഴിഞ്ഞ തവണ ബവ്‌റിജസ് കോര്‍പറേഷനില്‍ 90,000 രൂപയായിരുന്ന ബോണസാണ് ഇത്തവണ വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണിത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നല്ലൊരു തുകയാണ് ഇത്തവണയും ലഭിക്കുക. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ കാര്യമോ നേരെ തിരിച്ചും. പലതവണ സാമ്പത്തിക സഹായം നല്‍കിയിട്ടും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടില്ല എന്നാണ് വ്യക്തമാകുന്നത്.

കെഎസ്ആര്‍ടിസിയില്‍ 24,000 രൂപ മുതല്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് ബോണസിന് അര്‍ഹതയില്ല. ജീവനക്കാര്‍ക്ക് 7500 രൂപ ഓണം അഡ്വാന്‍സും 2750 രൂപ ഉത്സവബത്തയും, താല്‍ക്കാലിക ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 1000 രൂപ വീതവും ഉത്സവബത്ത നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 42,216 പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യാനുള്ള മുഴുവന്‍ തുകയും അതത് ജില്ലകളിലേക്ക് കേരള ബാങ്കില്‍നിന്നും കൈമാറിയിട്ടുണ്ട്.

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണത്തിലുള്ള കണ്‍സോര്‍ഷ്യം രൂപീകരിച്ചു റജിസ്ട്രാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കണ്‍സോര്‍ഷ്യത്തിലേക്ക് 69.31 കോടി രൂപ സമാഹരിച്ചാണ് പെന്‍ഷന്‍ നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി ഇന്നലെ വിതരണം ചെയ്തിരുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടിയും ദിവസ കലക്ഷനില്‍നിന്നു ശേഖരിച്ച പണവും ചേര്‍ത്താണ് ശമ്പളത്തിനുള്ള 75 കോടി രൂപ കണ്ടെത്തിയത്.

ഇത്തവണ ഒന്നിച്ച് ശമ്പളം നല്‍കാന്‍ പാടുപെട്ടാണ് കെ.എസ്.ആര്‍.ടി.സി പണം കണ്ടെത്തിയത്. ഓവര്‍ ഡ്രാഫ്റ്റായി 50 കോടി എടുക്കുകയും ഇന്ധന കമ്പനികള്‍ക്ക് നല്‍കാതെ മാറ്റിവെച്ച തുകയും ചേര്‍ത്താണ് ഇത്തവണ ശമ്പളം ഒറ്റത്തവണയായി നല്‍കിയത്. 74.8 കോടി രൂപയാണ് ഇങ്ങനെ കണ്ടെത്തിയത്. ഓണത്തിന് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന ഉറപ്പ് പാലിക്കാനാണ് മാനേജ്മെന്റ് ഈ കടുംകൈ ചെയ്തത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി മുഴുവന്‍ ശമ്പളവും ലഭിക്കുന്നത്. ഓണത്തിന് ഉത്സവ ബത്തയും ബോണസും നല്‍കണമെങ്കില്‍ 28.5 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സി കണ്ടെത്തേണ്ടത്. ഇതിന് ധനവകുപ്പ് കനിഞ്ഞാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മനം നിറഞ്ഞ് ഓണമുണ്ണാനാകു. ഇതിനായി കത്ത് നല്‍കിയിരിക്കുകയാണ് കോര്‍പ്പറേഷന്‍.