കൊച്ചി: വൈറ്റില പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. വൈറ്റിലയില്‍ നിന്ന് അമൃത ആശുപത്രിയിലേക്ക് പോവുകയായിരുന്ന ബസാണ് ഇടപ്പള്ളി ഭാഗത്തേക്കുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം.
അപകടത്തിന് പിന്നാലെ പാലത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മുന്നില്‍ പോയിരുന്ന ലോറി അപ്രതീക്ഷിതമായി നിര്‍ത്തിയതാണ് അപകടകാരണമെന്ന് കരുതുന്നു. ലോറിയുടെ പിന്നില്‍ ഇടിച്ച ബസിന് നിയന്ത്രണം നഷ്ടമായി. ബസ് പാലത്തിന്റെ കൈവരിയില്‍ തങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ നിരവധി ഇരുചക്ര വാഹനങ്ങളിലും ബസ് ഇടിച്ചു.
പൊലീസെത്തി ഗതാഗതം നിയന്ത്രിക്കുകയും, പിന്നീട് മെക്കാനിക്കുകളുടെ സഹായത്തോടെ ബസ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.