കെ.എസ് ശബരീനാഥന് ജാമ്യം; കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിണറായി സർക്കാരിന് വന്‍ തിരിച്ചടി

തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരീനാഥന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപ കോടതിയില്‍ കെട്ടിവെക്കണം. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാകണം. മൊബൈല്‍ ഫോണ്‍ കൈമാറണം തുടങ്ങിയ  ഉപാധികളോടെയാണ് ജാമ്യം. ഇതോടെ സ്വർണ്ണക്കടത്ത് അടക്കം സർക്കാരിനെതിരായ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനുള്ള പിണറായി സർക്കാരിന്‍റെ ശ്രമങ്ങള്‍ക്കാണ് കോടതിയില്‍ വന്‍ തിരിച്ചടിയേറ്റിരിക്കുന്നത്. കെപിസിസി നിയമസഹായ സെല്ലിന്‍റെ ഭാരവാഹി കൂടിയായ അഡ്വ. മൃദുല്‍ കെ ജോണാണ് ശബരീനാഥന് വേണ്ടി കോടതിയില്‍ ഹാജരായത്.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലാണ് ശബരീനാഥനെ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയായിരുന്നു കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്. കേസില്‍ നാലാം പ്രതിയാക്കിയാണ് അതി നാടകീയമായി ശബരീനാഥനെ അറസ്റ്റ് ചെയ്തതായി സര്‍ക്കാർ കോടതിയെ അറിയിച്ചത്. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിച്ചത് വധശ്രമമാക്കിയാണ് കേസെടുത്തത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്  പ്രേരണ നല്‍കിയെന്ന് ആരോപിച്ചാണ് ശബരീനാഥനെ വധശ്രമക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതിയാക്കിയത്.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇന്ന് വിളിപ്പിച്ചിരുന്നു. ശംഖുമുഖം അസിസ്റ്റര്‍ കമ്മീഷണര്‍ക്ക് മുമ്പില്‍ ഹാജരാകുന്നതിന് പിന്നാലെ കോടതിയില്‍ ശബരീനാഥന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും എത്തിയിരുന്നു. ഇത് പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് വാക്കാല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ശബരിനാഥന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്‌ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. അറസ്റ്റ് തല്‍ക്കാലം വേണ്ടെന്ന് പറഞ്ഞിരുന്നതാണല്ലോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത കൃത്യം സമയം ബോധിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഇതിന്‍റെ രേഖ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളിയ കോടതി ശബരീനാഥന് ജാമ്യം അനുവദിച്ചതോടെ പിണറായി സർക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Comments (0)
Add Comment