വിശ്വാസ മനസ് പത്തനംതിട്ടയിൽ; കോൺഗ്രസ് പദയാത്രയിൽ അണിനിരന്ന് ആയിരങ്ങൾ

Jaihind Webdesk
Thursday, November 15, 2018

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കെ.പി.സി.സി നടത്തുന്ന മേഖലാ ജാഥകളുടെ സമാപനസേമ്മളനത്തിലേക്ക് വിശ്വാസം വ്രതമാക്കിയ പതിനായിരങ്ങൾ ഒഴുകിയെത്തുമ്പോൾ പത്തനംതിട്ടയിൽ എഴുതപ്പെടുന്നത് പുതുചരിത്രം. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ പുറത്തുവന്ന സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സംസ്ഥാനത്തെ ഇടതുസർക്കാരിന്‍റെ അനാവശ്യ ധൃതിക്കും ധാർഷ്ട്യത്തിനുമെതിരെ പൊതുസമൂഹത്തിന്‍റെ പ്രതിഷേധം അക്ഷരാർഥത്തിൽ പ്രകടമാകുന്ന മഹാസംഗമമായി സമാപന സമ്മേളനം മാറും. പ്രതിഷേധത്തിന്‍റെ കാഹളം മുഴക്കി ജനമനസുകളിലൂടെ കടന്നു വന്ന മേഖലാ ജാഥകൾക്ക് ആവേശോജ്വലമായ സ്വീകരണമാണ് പൊതുസമൂഹം നൽകിയത്.

ശബരിമല വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കച്ചമുറുക്കിയ സി.പി.എമ്മിനും പരിപാവനമായ സന്നിധാനത്ത് അക്രമത്തിന് മുതിർന്ന ബി.ജെ.പി-ആർ.എസ്.എസ് നിലപാടുകളെയും തള്ളിയ വിശ്വാസസമൂഹം വിഷയത്തിൽ യഥാർഥ നിലപാട് മുന്നോട്ടുവെച്ച കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്നതിന്‍റെ ബഹിർസ്ഫുരണങ്ങളാണ് പത്തനംതിട്ടയിൽ ദൃശ്യമായത്. കെ.പി.സി.സി പ്രചാരണ സമിതി ചെയര്‍മാന്‍ കെ മുരളീധരൻ, വർക്കിംഗ് പ്രസിഡന്‍റുമാരായ കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ എന്നിവരുടെയും നേതൃത്വത്തില്‍ നടന്ന വിശ്വാസസംരക്ഷണ ജാഥ പൊതുസമൂഹം  ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു കേരളം കണ്ടത്.

സമാധാന അന്തരീക്ഷത്തിൽ നടക്കേണ്ട ശബരിമല തീർഥാടനത്തെ അലങ്കോലമാക്കിയതിൽ സി.പി.എമ്മിനും ബി.ജെ.പിക്കും തുല്യ പങ്കാളിത്തമാണുള്ളത്. യുവതീപ്രവേശന വിഷയത്തിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് ആദ്യം അരങ്ങൊരുക്കിയത് പിണറായി വിജയൻ സർക്കാരാണ്. യു.ഡി.എഫ് സർക്കാരിന്‍റെ ഭരണകാലത്ത് ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ഏകമനസോടെയാണ് യുവതീപ്രവേശനത്തിനെതിരായ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്. ശബരിമലയിലെ ആചാര സവിശേഷതകൾ അക്കമിട്ട് നിരത്തിയ സത്യവാങ്മൂലത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചാണ് അവിടെ യുവതികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്. എന്നാൽ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുസർക്കാർ അധികാരമേറ്റതോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ ഇടതുപക്ഷ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡും ഇതിന് ഒത്താശ ചെയ്യുകയായിരുന്നു.

ശബരിമലയിലെ ആചാരങ്ങളെ ചവിട്ടിമെതിക്കാൻ സി.പി.എം തുനിഞ്ഞിറങ്ങിയപ്പോൾ ആദ്യം ഇതിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത് ബി.ജെ.പി- ആർ.എസ്.എസ്- സംഘപരിവാർ സംഘടനകളായിരുന്നു. ഇതിന് പിന്തുണ എന്നവണ്ണം ആർ.എസ്.എസ് മുഖപത്രമായ കേസരിയിലും ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിലും ലേഖനം പ്രസിദ്ധീകരിച്ചാണ് അവർ ഐക്യദാർഢ്യം അറിയിച്ചത്. ഇതിനു പിന്നാലെ വിധിക്കെതിരെ പ്രതിഷേധവുമായി എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ നാമജപസമരവുമായി രംഗത്തു വന്നു. ഇതോടെ തരാതരം നിറം മാറാൻ കഴിവുള്ള ഓന്തിനെ പോലെ ബി.ജെ.പി കളം മാറ്റി ചവിട്ടി. വിശ്വാസസംരക്ഷണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള അടവുനയവുമായാണ് ബി.ജെ.പി സമരത്തിനിറങ്ങിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ യുവമോർച്ച യോഗത്തിലെ പ്രസംഗം ഇതിന് വ്യക്തമായ തെളിവാണ്. ശബരിമല നമുക്കൊരു സുവർണാവസരമാണെന്നും ഇത് രാഷ്ട്രീയമായി മുതലെടുക്കണമെന്നുമായിരുന്നു പ്രസംഗത്തിന്‍റെ കാതൽ. വിശ്വാസ സംരക്ഷണമെന്ന തത്വം മുന്നോട്ടുവെക്കുന്നുവെന്ന ഭാവേന ശബരിമല വിഷയത്തിൽ പോലും രാഷ്ട്രീയം കലർത്തിയ ബി.ജെ.പി വിശ്വാസികളെ അക്ഷരാർഥത്തിൽ വഞ്ചിക്കുകയായിരുന്നു.

വിധിക്കു പിന്നാലെ തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ ആക്ടിവിസ്റ്റുകളായ യുവതികളെ കയറ്റാൻ സർക്കാർ തുനിഞ്ഞപ്പോൾ അവരെ വിശ്വാസികൾ തടഞ്ഞു. ഇതേ തക്കം നോക്കി ആർ.എസ്.എസും മറ്റ് പരിവാർ സംഘടനകളും അവിടെ അക്രമം അഴിച്ചുവിട്ടു. പിന്നീട് സമരം ഹൈജാക്ക് ചെയ്യാൻ തുനിഞ്ഞിറങ്ങിയ ആർ.എസ്.എസും ബി.ജെ.പിയും ശബരിമലയിൽ അക്രമത്തിന്‍റെ പാത സ്വീകരിച്ചപ്പോൾ വേദനിച്ചത് വിശ്വാസികളുടെ മനസാണ്. പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറി നിന്ന് സമരകാഹളം മുഴക്കിയ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ അഹങ്കാരം നിറഞ്ഞ മനോഭാവവും ആചാരലംഘനവും കേരളത്തിനു മുന്നിൽ അനാവൃതമായി. ബോർഡംഗം കെ.പി ശങ്കരദാസും സമാന രീതിയിൽ ആചാരം ലംഘിച്ച വാർത്തകളും പുറത്തുവന്നതോടെ വിശ്വസിസമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടത് സി.പി.എമ്മിന്‍റെയും ആർ.എസ്.എസിന്‍റെയും മനോഭാവങ്ങളായിരുന്നു.

ആചാരങ്ങൾ സഗരക്ഷിക്കാൻ അക്രമത്തിന്‍റെ പാത സ്വീകരിക്കാതെ സംയമനം പാലിച്ച കോൺഗ്രസിന്‍റെ നിലപാട് ശരിയെന്ന് മേഖലാ ജാഥകൾ തെളിയിച്ചു കഴിഞ്ഞു. അതിന്‍റെ ഭാഗമായി പതിനായിരങ്ങളാണ് വിശ്വാസ സംരക്ഷണ ജാഥകളുടെ സമാപനവേദിയിലെത്തി കോൺഗ്രസ് നിലപാടിന് കൈയൊപ്പ് ചാർത്തിയത്. പ്രതിഷേധത്തിന്‍റെ ശരണംവിളികൾ ശബ്ദമുഖരിതമാക്കിയ കേരളത്തിലെ വിശ്വാസസമൂഹത്തിന്‍റെ ആശങ്കയ്‌ക്കൊപ്പം ഉറച്ചു നിന്ന കോൺ്രഗസ് ഇനിയും അവർക്കൊപ്പം തന്നെ മുന്നോട്ടുപോകുമെന്ന സന്ദേശം നൽകിയാണ് മേഖലാ ജാഥകൾ അവസാനിപ്പിക്കുന്നത്.