കെ.പി.സി.സിക്ക് പുതിയ പെര്‍ഫോര്‍മന്‍സ് അസസ്‌മെന്‍റ് സിസ്റ്റം; ഭാരവാഹികളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തും: കെ.പി അനില്‍കുമാര്‍

കോണ്‍ഗ്രസ് സംഘടനാ സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പെര്‍ഫോര്‍മന്‍സ് അസസ്‌മെന്‍റ് സിസ്റ്റം ഈ മാസം മുതല്‍ ആരംഭിക്കും. കെ.പി.സി.സി. ഭാരവാഹികള്‍ മുതല്‍ ബൂത്ത് ഭാരവാഹികള്‍ വരെയുള്ളവരുടേയും പാര്‍ട്ടി ഘടകങ്ങളുടേയും പ്രവര്‍ത്തന മികവ് വിലയിരുത്തി ഗ്രേഡിംഗ് നടത്തും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിപ്പോര്‍ട്ടിംഗ് ഓണ്‍ലൈനിലാണ് നടത്തുക. ഇതിനായി ഫോര്‍മാറ്റുകള്‍ തയാറായിക്കഴിഞ്ഞതായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാർ അറിയിച്ചു.

പ്രതിമാസ റിപ്പോര്‍ട്ടിംഗിന്‍റെയും നിശ്ചിത മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തില്‍ പെര്‍ഫോര്‍മേഴ്‌സ് (ഗ്രീന്‍), ആവറേജ് പെര്‍ഫോര്‍മേഴ്‌സ് (യെല്ലോ), നോണ്‍ പെര്‍ഫോര്‍മേഴ്‌സ് (റെഡ്) തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ എ.ഐ.സി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കും. രണ്ടു മാസം കൂടുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്‍റ് ബന്ധപ്പെട്ട ഭാരവാഹികളുമായി വണ്‍ ടു വണ്‍ മീറ്റിംഗ് നടത്തി, ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കും.

കെ.പി.സി.സി ഭാരവാഹികളുടേയും സി.സി.സി പ്രസിഡന്‍റുമാരുടേയും ആദ്യ റിപ്പോര്‍ട്ടിംഗ് ജൂലൈ 10 നകം നടക്കും. തുടര്‍ന്നുള്ള എല്ലാ മാസവും 5-ആം തീയതിക്കുള്ളിലാണ് റിപ്പോര്‍ട്ടിംഗ്. ഡി.സി.സി. ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്‍റുമാര്‍, മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, അസംബ്ലി, ബ്ലോക്ക് മണ്ഡലം ചുമതലക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിംഗ് ആഗസ്റ്റ് മാസം ആരംഭിക്കും. തുടര്‍ന്ന് ബൂത്ത്-വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അനില്‍കുമാര്‍ അറിയിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനാണ് പി.എ.എസിന്‍റെ ഏകോപന ചുമതല. പുതുക്കിയ മാതൃക പരിചയപ്പെടുത്താന്‍ ജൂലൈ 4 ശനിയാഴ്ച 10.30 ന് ഡി.സി.സി പ്രസിഡന്‍റുമാരുടെയും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികളുടെയും ഉച്ചയ്ക്ക് 2 മണിക്ക് മറ്റ് ചുമതലകളുള്ള കെ.പി.സി.സി ഭാരവാഹികളുടെയും വീഡിയോ കോണ്‍ഫറന്‍സ് യോഗം നടത്തുമെന്നും അനില്‍കുമാര്‍ പറഞ്ഞു.

2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെ വിജയകരമായി നടപ്പിലാക്കി സംഘടനയെ ചലനാത്മകമാക്കിയ യൂണിറ്റ് മാനേജ്‌മെന്‍റിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് പി.എ.എസ്. സംഘടനാ മികവിനോടൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തുന്ന പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്താന്‍ കെ.പി.സി.സി. പ്രസിഡന്‍റ് നിര്‍ദ്ദേശിച്ചതായും അനില്‍കുമാര്‍ പറഞ്ഞു.

Comments (0)
Add Comment