സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി വാക്കത്തോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ”ലഹരി മരുന്നുകളുടെ അടിമത്വത്തില്‍ നിന്നും സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരുമിച്ച് നടക്കാം ”എന്നതാണ് മുദ്രാവാക്യം.
മയക്കുമരുന്ന് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നിസ്സംഗത പാലിക്കുന്നുവെന്ന് മെഗാ വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കവെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന അന്തിമ പോരാട്ടമാണ് ഇതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജയില്‍ പുള്ളികള്‍ക്കുപ്പോലും മയക്കുമരുന്ന് യഥേഷ്ടം ലഭിക്കുന്നു എന്ന് കെപിസിസി അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. സര്‍ക്കാരിന്റെ അനാസ്ഥ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനാണ് കൊച്ചിയിലെ മെഗാ വാക്കത്തോണെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം കേരളം ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും മയക്കുമരുന്ന് മാഫിയക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.
കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും മറൈന്‍ ഡ്രൈവിലേക്കായിരുന്നു വാക്കത്തോണ്‍. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ പോഷക സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് വാക്കത്തോണ്‍ നടന്നത്. കെപിസിസി പ്രസിഡന്റ് അഡ്വ സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങി ആയിരങ്ങള്‍ വാക്കത്തോണില്‍ അണിനിരന്നു.