കെ.പി.സി.സിയില്‍ ക്വിറ്റ് ഇന്ത്യ അനുസ്മരണ സമ്മേളനം നടന്നു

Friday, August 9, 2019

സ്വാതന്ത്ര്യത്തിനായി സമരം നടന്നപ്പോൾ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഇന്ത്യയെ വഞ്ചിച്ചവരാണ് കമ്യൂണിസ്റ്റുകാർ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫാസിസത്തെ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടിക്കാനുള്ള നിരന്തരമായ പോരാട്ടമാണ്  വേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ക്വിറ്റ് ഇന്ത്യ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

ക്വിറ്റ് ഇന്ത്യ അനുസ്മരണത്തോടനുബന്ധിച്ച്  ഇന്ദിരാഭവനിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പതാകയുയർത്തി. സ്വാതന്ത്ര്യ സമരം എന്താണെന്ന്  അറിയാത്ത ബി.ജെ.പിക്കാരോട് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇന്ത്യൻ ദേശീയതയെ വഞ്ചിച്ച കമ്യൂണിസ്റ്റുകാർ ഇന്നും ആ പാരമ്പര്യം തുടരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരണം ഉദ്ഘാടനം ചെയ്തശേഷം പറഞ്ഞു.

ക്വിറ്റ് ഇന്ത്യ പോരാട്ടം അനുസ്മരിക്കുമ്പോൾ ക്വിറ്റ് ഫാസിസം എന്ന് മുദ്രാവാക്യമാണ് ഉയർത്തിപ്പിടിക്കേണ്ടതെന്ന്  കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ  പറഞ്ഞു. ഫാസിസമാണ് ഇന്ത്യയെ വിഴുങ്ങാൻ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍ പി ഗോപിനാഥൻ നായർ ,  വി.എസ് ശിവകുമാർ എം.എൽ.എ, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.