ശബരിമല: കോണ്‍ഗ്രസ് കേരള നിലപാടിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി; ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നിര്‍ദ്ദേശം

Jaihind Webdesk
Sunday, January 13, 2019

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ നിലപാടിന് പിന്തുണയുമായി ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തില്‍ രണ്ട് ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ന്യായമുണ്ട്. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് സ്ത്രീസമത്വം വേണമെന്ന് പറയുന്നു. സ്ത്രീസമത്വം തീര്‍ച്ചയായും വേണ്ട കാര്യമാണ്. സ്ഥിതി സങ്കീര്‍ണമാണ്. എന്തായാലും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിനൊപ്പം നില്‍ക്കാനാണ് കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം.
സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ല, ജനം തീരുമാനിക്കട്ടെയെന്ന് രാഹുല്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റഫേല്‍ വിഷയത്തിലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ഗാന്ധി മറുപടി നല്‍കി.

റഫേലില്‍ ആദ്യ ചോദ്യം നീതി എവിടെ എന്നുള്ളതാണ്? എയര്‍ഫോഴ്‌സ്, എഎച്ച്,എല്‍, ഇന്ത്യയിലെ ജനങ്ങള്‍ ഇവര്‍ക്കാണ് നീതി വേണ്ടത്. പ്രധാനമന്ത്രിയായാല്‍ ആ നീതി ഉറപ്പാക്കും. ആരാണ് ചെയ്തത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തെലങ്കാന തിരികെ പിടിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്റെ പേര് നരേന്ദ്രമോദിയല്ല, ഞാന്‍ കള്ളം പറയാറില്ല. എനിക്ക് ചെയ്യാന്‍ സാധിക്കാത്ത വാഗ്ദാനങ്ങള്‍ ഞാന്‍ നടത്താറില്ല. ഭരണം നേടിയാല്‍ ആന്ധ്രയെ പ്രത്യേകസംസ്ഥാനമാക്കുമെന്ന് പറഞ്ഞിരുന്നു, ആ വാഗ്ദാനം നിറവേറ്റും. നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനാണ് നോക്കുന്നത്. അനില്‍ അംബാനിയ്ക്ക് വേണ്ടിയാണ് മോദി നിലനില്‍ക്കുന്നത്. – രാഹുല്‍ പറഞ്ഞു.