കെ.പി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഹര്‍ത്താല്‍

Jaihind Webdesk
Saturday, November 17, 2018

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെയടക്കം നിരവധി സംഘപരിവാർ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ പുലർച്ചെ ഒന്നരയൊടെ ശശികലയെ അറസ്റ്റ് ചെയ്തപ്പോൾ മറ്റ് നേതാക്കളെ പമ്പയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് ശശികല ഹിന്ദു ഐക്യവേദി നേതാക്കൾക്കും പ്രവർത്തകർക്കൊപ്പം സന്നിധാനത്തേക്ക് പുറപ്പെട്ടത്. ഇവരെ മരക്കൂട്ടമെത്തിയപ്പോൾ പോലീസ് തടഞ്ഞു. ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായി കരുതൽ തടങ്കലിൽ വെക്കുമെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഇവർ സമ്മതിച്ചില്ല. തുടർന്ന് പ്രതിഷേധ സൂചകമായി ഉപവാസ സമരവും നിരോധനാജ്ഞ മറികടന്ന് പ്രതിഷേധ നാമജപവും തുടങ്ങി. മണിക്കൂറുകൾ കഴിഞ്ഞ് ശൗചാലയത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ട ഇവരെ നാടകീയമായി അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടന്നു. ആക്ടിവിസ്റ്റായല്ല, വിശ്വാസിയായാണ് താൻ ശബരിമലയിലെത്തിയതെന്നും സന്നിധാനം പോലീസ് സ്റ്റേഷനാക്കി മാറ്റാനാണ് സർക്കാർശ്രമിക്കുന്നതെന്നു ശശികല ടീച്ചർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

ആദ്യ ശ്രമം പാളിയതോടെ സന്നിധാനത്ത് നിന്നും കൂടുതല്‍ പോലീസെത്തി വീണ്ടും അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി. എന്നാൽ ശശികല ടീച്ചർ എതിർപ്പ് ശക്തമാക്കി. തുടർന്ന് ഉറങ്ങിക്കിടന്ന ഇവരെ വനിതാ പോലീസിനെ വരുത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് പമ്പയിലേക്ക് കൊണ്ടുപോയി.

https://www.youtube.com/watch?v=W1VkMItkmNo

ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും ശബരിമല ആചാര സംരക്ഷണസമിതി ജനറൽ സെക്രട്ടറി പൃഥ്വിപാലനെയും പമ്പയിൽവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി നേതാവ് പി.സുധീറും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശശികലയെ റാന്നി സ്‌റ്റേഷനിലേക്കാണ് മാറ്റിയിട്ടുള്ളത്. സംഘപരിവാർ പ്രവർത്തകർ സ്‌റ്റേഷൻ പരിസരത്ത് തടിച്ചുകൂടി നാമജപസമരം ആരംഭിച്ചതോടെ സംഘർഷസാധ്യതയും ഉടലെടുത്തിട്ടുണ്ട്. ഇതിനിടെ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ നിലയ്ക്കലിൽ നിന്നും മടങ്ങിയതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

അറസ്റ്റില്‍ പ്രതിഷേധിച്ച് ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹർത്താല്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ബി.ജെ.പിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും  കെ.എസ്.ആർ.ടി.സി സർവീസുകള്‍ നിർത്തിവെച്ചു.