വനിതാ മതിലിന് ശിവഗിരി തീര്‍ഥാടനത്തിന്‍റെ സമാപനദിനം തെരഞ്ഞെടുത്തത് ശിവഗിരിയോടുള്ള അവഹേളനം: കൊടിക്കുന്നില്‍ സുരേഷ്

Sunday, December 30, 2018

വനിതാ മതില്‍ നിര്‍മിക്കാന്‍ സി.പി.എം ശിവഗിരി തീര്‍ഥാടനത്തിന്‍റെ സമാപന ദിനമായ ജനുവരി ഒന്ന് തന്നെ തെരഞ്ഞെടുത്തത് ശിവഗിരിയോടുള്ള അനാദരവാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

ശിവഗിരി തീര്‍ഥാടനം തുടങ്ങി 86 വര്‍ഷം പിന്നിട്ടതിനിടയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സര്‍ക്കാരോ തീര്‍ഥാടനത്തിന് അസൗകര്യം ഉണ്ടാക്കുന്ന വിധത്തില്‍ ഇന്നുവരെ പൊതുപരിപാടികള്‍ സംഘടിപ്പിച്ചിട്ടില്ല. ശിവഗിരി തീര്‍ഥാടനത്തിന്‍റെ മഹത്വം ഇല്ലാതാക്കാനുള്ള ഇടതു സര്‍ക്കാരിന്‍റെയും സി.പി.എമ്മിന്‍റെയും ശ്രമത്തിന്‍റെ ഭാഗമാണ്ഈ നീക്കം. ഇക്കാര്യത്തില്‍ ശിവഗിരി മഠം തന്നെ അസന്തുഷ്ടി രേഖപ്പെടുത്തി രംഗത്ത് വന്നിട്ടും തീര്‍ഥാടനത്തിന് എത്തുന്ന വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിച്ച് അവരെ കൂടി ഹൈജാക്ക് ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ കുടില തന്ത്രത്തിന്‍റെ ഭാഗം കൂടിയാണ് വനിതാമതിലിനായി ജനുവരി ഒന്ന് തന്നെ സി.പി.എം തെരഞ്ഞെടുത്തതെന്നും കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു.