കൊടകര കുഴൽപ്പണക്കേസിൽ വഴിത്തിരിവ് ; ഗൂഢാലോചനയിൽ പൊലീസുകാർക്കും പങ്കെന്ന് സൂചന

 

തൃശൂർ : ബിജെപിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുഴൽപ്പണ കേസിന്‍റെ അന്വേഷണം വഴിത്തിരിവിലേക്ക്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി സൂചനയുണ്ട്. അതിനിടെ കേസിൽ രാഷ്ട്രീയ വിവാദവും ശക്തമായി.

കൊടകര കുഴൽപ്പണ കേസിൽ ഇനി രണ്ടു പ്രധാന പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവരെ കിട്ടിയാൽ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. അതിനിടെ ഗൂഢാലോചനയിൽ സിഐ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൂചന ലഭിച്ചു. കുഴൽപ്പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയിൽ കടന്നാൽ പണം തട്ടാൻ കുഴൽപ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവർക്ക് മുൻകൂർ പണം നൽകിയിട്ടുണ്ട്.

അതിനിടെ സംഭവം പുറത്തായി ഒരാഴ്ചയാകുമ്പോൾ ബിജെപി തൃശൂർ ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി.
കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ പറഞ്ഞു. ബിജെപിയുടെ പേര് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Comments (0)
Add Comment