കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 2 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒഡീഷ സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

Jaihind News Bureau
Monday, November 24, 2025

 

കൊച്ചിയില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ നീക്കത്തില്‍ രണ്ട് കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി നാല് പേര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി എറണാകുളം മട്ടമ്മലില്‍ വെച്ചാണ് വലിയ ലഹരിമരുന്ന് ശേഖരം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ മിന്നല്‍ പരിശോധന.

പിടികൂടിയത് ഏകദേശം രണ്ട് കിലോയോളം തൂക്കം വരുന്ന ഹാഷിഷ് ഓയിലായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് രണ്ട് കോടി രൂപയോളം വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.

ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന ഒഡീഷ സ്വദേശികളായ സമരമുകില്‍, സുനിമണി എന്നിവരാണ് ആദ്യം പിടിയിലായത്. ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തിച്ച ശേഷം ഓട്ടോറിക്ഷയിലാണ് ഇവര്‍ മട്ടമ്മലിലേക്ക് എത്തിയത്. ഇവരുടെ പക്കല്‍ നിന്ന് ലഹരി കൈപ്പറ്റാനായി എത്തിയ പെരുമ്പടപ്പ് സ്വദേശികളായ അശ്വിന്‍ ജോയ്, ശ്രീരാജ് എന്നിവരും പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ നാല് പേരെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.